
മേൽപ്പാലം
ഭോപ്പാൽ: വിചിത്രമായ ആകൃതിയിൽ റെയിൽവേ മേൽപ്പാലം നിർമിച്ചതുമായി ബന്ധപ്പെട്ട് പൊതു മരാത്ത് വകുപ്പ് ചീഫ് എൻജിനീയർമാർ ഉൾപ്പെടെ 8 എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ് സർക്കാർ. ഐഷ്ബാഗിലാണ് 90 ഡിഗ്രിയിൽ വളവുള്ള മേൽപ്പാലം നിർമിച്ചിരുന്നത്. മേൽപ്പാലത്തിന്‍റെ ആകൃതി സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. ആ സാഹചര്യത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. മേൽപ്പാലത്തിന്‍റെ നിർമാണത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് 8 പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് എക്സിലൂടെ വെളിപ്പെടുത്തി. നിലവിൽ സർവീസിലുള്ള 7 എൻജിനീയർമാർക്കു പുറമേ വിരമിച്ച സൂപ്രണ്ടന്‍റ് എൻജിനീയറും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഡിപ്പാർട്ട്മെന്‍റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലം നിർമിച്ച കൺസ്ട്രക്ഷൻ എജൻസിയെയും ഡിസൈൻ കൺസൾട്ടന്‍റിനെയും ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. മേൽപ്പാലത്തിന്‍റെ നിർമാണത്തിനും അവശ്യ വികസനത്തിനുമായി മറ്റൊരു കമ്മിറ്റിയെയും രൂപീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
90 ഡിഗ്രി വളവോടെ നിർമിച്ച പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് വ്യക്തമായിരുന്നു. 18 കോടി രൂപ ചെലവഴിച്ചാണ് മഹാമയ് കാ ബാഗ്, പുഷ്പ നഗറുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലം നിർമിക്കുന്നത്. 3 ലക്ഷം വരുന്ന യാത്രക്കാർക്ക് മേൽപ്പാലം പ്രയോജനപ്രദമാകുമെന്നായിരുന്നു പ്രതീക്ഷ.
അടുത്തു തന്നെ മെട്രൊ റെയിൽ സ്റ്റേഷനുള്ളതിനാലും സ്ഥലക്കുറവു മൂലവുമാണ് പാലത്തിന് ഇത്തരമൊരു ആകൃതി തെരഞ്ഞെടുത്തതെന്നും മറ്റൊരു സാധ്യതയും തങ്ങൾക്കു മുൻപിൽ ഇല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാലത്തിനോട് ചേർന്ന് ഒരിത്തിരി സ്ഥലം കൂടി ഏറ്റെടുത്തിരുന്നെങ്കിൽ 90 ഡിഗ്രീ കുത്തനെയുള്ള വളവിനു പകരം കർവ് നിർമിക്കാമെന്നാണ് കരുതുന്നത്. കുറവുകളെല്ലാം നികത്തി ഗതാഗത യോഗ്യമാക്കിയതിനു ശേഷം മാത്രമേ പാലത്തിന്‍റെ ഉദ്ഘാടനം നടത്തൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.