ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം | Video
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ എംപിഎടിജിഎം മഹാരാഷ്‌ട്രയിലെ അഹില്യനഗറിലുള്ള കെകെ റെയ്ഞ്ചസിൽ വിജയകരമായി പരീക്ഷിച്ചു. ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ മിസൈലിന് കൈമാറിയശേഷം തൊടുത്തുവിട്ടാൽ സ്വയം നിയന്ത്രിച്ച് ലക്ഷ്യം തകർക്കുന്ന ഫയർ ആൻഡ് ഫൊർഗെറ്റ് വിഭാഗത്തിൽപ്പെട്ട മിസൈലാണിത്. മനുഷ്യന് എവിടേക്കും കൊണ്ടുപോകാൻ കഴിയുന്ന മിസൈൽ കൂടിയാണ് മാൻ പോർട്ടബിൾ ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ അഥവാ എംപിഎടിജിഎം.
ഡിആർഡിഒയുടെ നേതൃത്വത്തിൽ ഹൈദരാബാദിലെ റിസർച്ച് സെന്‍റർ ഇമാരത്ത്, ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി, പൂനെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, ഡെറാഡൂണിലെ ഇൻസ്ട്രമെന്‍റ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് എന്നിവ ചേർന്നു വികസിപ്പിച്ചതാണ് അത്യാധുനിക മിസൈൽ.
തകർക്കേണ്ട ടാങ്കിലേക്ക് മിസൈലിനെ നയിക്കുന്ന തെർമൽ ടാർഗറ്റ് സംവിധാനം ജോധ്പുരിലെ ഡിഫൻസ് ലബോറട്ടറിയിൽ തയാറാക്കി. അത്യാധുനിക യുദ്ധടാങ്കുകൾ പോലും തകർക്കാൻ ശേഷിയുള്ളതാണു മിസൈൽ. ഒരു ട്രൈപോഡിൽ നിന്നു പോലും ഇതു തൊടുത്തുവിടാം. സൈന്യത്തിന്‍റെ വാഹനത്തിൽ നിന്നും പ്രയോഗിക്കാം. പരീക്ഷണ വിജയത്തിനെ ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
