കാട്ടാനകളെ 'സ്ഥലം' മാറ്റി; കർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു

ഹാസൻ ജില്ലയിൽ നിന്ന് കാട്ടാനകളെ നിർബന്ധപൂർവം തന്‍റെ മണ്ഡലമായ ചിക്കമംഗളൂരുവിലെ മുടിഗെയിലേക്ക് തുരത്തിവിട്ടെന്നാണ് ആരോപണം
Mudigere MLA quits over jumbo operation

നയന മൊട്ടമ്മ

Updated on: 

ബെംഗളൂരു: ബേലൂരിലെ കാട്ടാനകളെ ഭദ്ര ടൈഗർ റിസർവിലേക്ക് മാറ്റാനുള്ള വനംവകുപ്പിന്‍റെ നടപടിയിൽ പ്രതിഷേധിച്ച്, മുഡിഗെരെ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ രാജി സമർപ്പിച്ചു. നിയമസഭാ സ്പീക്കറുടെ ഓഫീസിൽ തിങ്കളാഴ്ചയെത്തി നയന രാജിക്കത്ത് നൽകി.

അതേ മേഖലയിൽ നിന്നുള്ള മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാർക്കൊപ്പം സംയുക്ത വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് രാജി. സ്പീക്കർ ജി.എസ്. പാട്ടീൽ സ്ഥലത്തില്ലാത്തതിനാൽ, ചൊവ്വാഴ്ച അദ്ദേഹത്തെ നേരിൽ കണ്ട് രാജിക്കത്ത് വീണ്ടും സമർപ്പിക്കുമെന്ന് അവർ അറിയിച്ചു.

കോൺഗ്രസ് സർക്കാർ തങ്ങളുമായി കൂടിയാലോചിക്കാതെയും അഭിപ്രായം തേടാതെയും നടപടിയുമായി മുന്നോട്ടു പോവുന്നത് നിർഭാഗ്യകരമാണെന്നും ആനകളെ മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

ഹാസൻ ജില്ലയിൽ നിന്ന് കാട്ടാനകളെ നിർബന്ധപൂർവം തന്‍റെ മണ്ഡലമായ ചിക്കമംഗളൂരുവിലെ മുടിഗെയിലേക്ക് തുരത്തിവിട്ടെന്നാണ് ആരോപണം. മുഡിഗെരെ, ശൃംഗേരി, ചിക്കമഗളൂരു എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവനേക്കാൾ ഹസ്സനിലെ ജനങ്ങളുടെ ജീവനാണ് പ്രധാനമെന്ന് തോന്നുന്നു. ഇത് ശരിയല്ല. പാവപ്പെട്ടവരുടെ ജീവിതമാണ് ഇവിടെ ചവിട്ടിമെതിക്കപ്പെടുന്നത്, സമ്പന്നരുടേതല്ലെന്നും നയന പ്രതികരിച്ചു.

ഹസ്സൻ ജില്ലയിലെ ബേലൂർ താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, വനംവകുപ്പ് കാട്ടാനകളെ മുഡിഗെരെ, ശൃംഗേരി, ചിക്കമഗളൂരു മണ്ഡലങ്ങളിലുൾപ്പെടുന്ന ഭദ്ര, തട്‌കോള വനമേഖലകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ഞങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളോട് മറുപടി പറയേണ്ടത് ഞങ്ങളാണ്. അവരാണ് ഞങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. അവരോട് തനിച്ച് ചില കടമകളുണ്ട്. അത് നിർവഹിക്കാൻ സാധിക്കാത്തതിനാൽ വളരെ വേദനയോടും നിരാശയോടും കൂടി താൻ എംഎൽഎ സ്ഥാനം രാജിവെക്കുന്നുവെന്ന് നയന രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.