

മുകുൾ റോയ്
കോൽക്കത്ത: ഒരുകാലത്ത് പശ്ചിമ ബംഗാൾ രാഷ്‌ട്രീയത്തിലെ ചാണക്യനെന്ന് വിശേഷിപ്പിക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളിലായി അബോധാവസ്ഥയിലായിരുന്നെന്നു മകൻ ശുഭ്രാംശു റോയ്.
1998ൽ തൃണമൂൽ സ്ഥാപിക്കുമ്പോൾ മമതയുടെ വലംകൈയായിരുന്നു. 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 2011ൽ തൃണമൂൽ ഭരണം സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2017ൽ ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിലും നാരദ സ്റ്റിങ് ഓപ്പറേഷനിലും ഉൾപ്പെട്ടതോടെ തൃണമൂൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയ മമതയോട് ഇടഞ്ഞ് ബിജെപിയിൽ ചേർന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ബിജെപിയുടെ മുന്നേറ്റത്തിൽ റോയിയുടെ സ്വാധീനം നിർണായകമായിരുന്നു. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നു ബിജെപി ടിക്കറ്റിൽ ജയിച്ച മുകുൾ റോയ് ദിവസങ്ങൾക്കുള്ളിൽ തൃണമൂലിലേക്കു മടങ്ങി. 2011ൽ യുപിഎയുടെ രണ്ടാം സർക്കാരിൽ റെയ്‌ൽ മന്ത്രിയായി പ്രവർത്തിച്ചു. പശ്ചിമ ബംഗാളിൽ നിന്നു രണ്ടുവട്ടം രാജ്യസഭയിലുമെത്തി.
മേധാക്ഷയം ബാധിച്ച റോയി രണ്ടുവർഷമായി ആശുപത്രിയിലും വീട്ടിലുമായി അദ്ദേഹം ചികിത്സയിലായിരുന്നു.
1954ൽ നോർത്ത് 24 പർഗാനാസിലെ കഞ്ചരപ്പാറയിലാണു ജനനം. യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയത്തിൽ തുടക്കം.