മുംബൈ ഭീകരാക്രമണത്തിലെ കൊച്ചി - ദുബായ് ബന്ധം അന്വേഷിക്കുന്നു

കൊച്ചിയിലും ദുബായിലും തഹാവൂർ റാണ കൂടിക്കാഴ്ച നടത്തിയ ആളുകൾക്ക് ആക്രമണവുമായി ബന്ധമെന്ന് സംശയം
26/11Mumbai terror attack Kochi Dubai connection probe

മുംബൈ ഭീകരാക്രമണത്തിലെ കൊച്ചി - ദുബായ് ബന്ധം അന്വേഷിക്കുന്നു

Updated on

ജിബി സദാശിവൻ

കൊച്ചി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ തഹാവൂര്‍ ഹുസൈൻ റാണയെ അമെരിക്കയിൽ നിന്നു കൊണ്ടുവന്ന് ചോദ്യം ചെയ്ത ദേശീയ അന്വേഷണ ഏജന്‍സിക്ക് (എൻഐഎ) നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. റാണയുടെ കൊച്ചി സന്ദര്‍ശനം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി.

മുംബൈ ആക്രമണത്തിനു മുമ്പ് റാണ ദുബായില്‍ കണ്ടുമുട്ടിയ ദുരൂഹ വ്യക്തിയെക്കുറിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അയാള്‍ക്ക് അറിവുണ്ടായിരുന്നെന്നാണ് അമെരിക്കൻ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. അതിനൊപ്പം കൊച്ചിയില്‍ റാണയെ കണ്ടയാൾക്കും ആക്രമണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നാണ് റിപ്പോർട്ട്. കേസിൽ നിരോധിത സംഘടനയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയും നിരീക്ഷണത്തിലാണ്.

മുംബൈ ആക്രമണ മുഖ്യ സൂത്രധാരനും പാക്കിസ്ഥാനി വംശജനുമായ യുഎസ് പൗരൻ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി (ദാവൂദ് സയ്യിദ് ഗീലാനി) നിരന്തരം ഇയാള്‍ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റാണ യാത്ര നടത്തിയിരുന്നു. കൊച്ചിയില്‍ ഒന്നിലധികം തവണ വന്നു. കൊച്ചിയില്‍ റാണ കണ്ടയാളെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നാണ് സൂചന.

അബ്ദുൾ നാസർ മദനിയുമായി ബന്ധപ്പെട്ട് കളമശേരി ബസ് കത്തിക്കൽ തീവ്രവാദ കേസില്‍ ജയിലിലുള്ള തടിയന്‍റവിട നസീറുമായി ബന്ധമുള്ള ഇയാളാണ് ഇന്ത്യയിൽ റാണയുടെ യാത്രകള്‍ക്കെല്ലാം സൗകര്യമൊരുക്കിയതെന്നു സൂചനയുണ്ട്. പക്ഷേ, ഇക്കാര്യങ്ങൾ എൻഐഎ സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളയാൾ മലയാളിയാണോ എന്നതും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.

ദുബായില്‍ റാണ കണ്ടയാള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടായിരുന്നോയെന്നും എൻഐഎ അന്വേഷിക്കുന്നു. 2008 നവംബര്‍ 13നും 21നും മധ്യേ ഭാര്യ സമ്രാസിനൊപ്പം റാണ ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ, ആഗ്ര, ഹാപുര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

അവിടങ്ങളിലും ഭീകരാക്രമണത്തിനു മുന്നോടിയായുള്ള നിരീക്ഷണമാണോ നടന്നതെന്നറിയാന്‍ റാണയുടെ യാത്രാരേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ജയ റോയിയുടെ നേതൃത്വത്തിലെ എന്‍ഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com