

ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു
Representative image
മുംബൈ: മുംബൈയിൽ ലേഡീസ് കോച്ചിൽ കയറിയ 50 കാരൻ 18 കാരിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു. പൽവേൽ - സിഎസ്എംടി ട്രെയിനിൽ നിന്ന് ഇറങ്ങാൻ സ്ത്രീകൾ പറഞ്ഞതിനു പിന്നാലെ ഇയാൾ പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ പൻവേൽ ഗവൺമെന്‍റ് റെയിൽവേ പൊലീസ് (ജിആർപി) പ്രതി ഷെയ്ഖ് അക്തർ നവാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ പൻവേലിലെ ഉസർലി ഗ്രാമത്തിൽ നിന്നുള്ള ശ്വേത മഹാദിക് ആണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി. വ്യാഴാഴ്ചയായിരുന്നു സംഭവം.
പെൺകുട്ടിയെ തള്ളിയിട്ടതിനു പിന്നാലെ സ്ത്രീകൾ ഹെൽപ്പ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും പ്രദേശവാസികൾ ശ്വേതയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിക്ക് ഗുരുതരമായ പരുക്കില്ലെന്നാണ് വിവരം.
സംഭവത്തില്‍ നവാസിനെതിരെ ബിഎൻഎസ് പ്രകാരം കൊലപാതകശ്രമത്തിനും ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച രാവിലെ പൻവേൽ സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.