
'വലം കൈ' നൽകിയ കുടുംബത്തിൽ അനമതയെത്തി; സാഹോദര്യത്തിന്‍റെ രാഖിയുമായി!
മുംബൈ: പതിനാറുകാരി അനമത അഹമ്മദ് പതിനാലുകാരൻ ശിവം മിസ്ത്രിയുടെ കൈകളിൽ രക്ഷാബന്ധൻ ചേർത്തുവച്ചപ്പോൾ ഇരുവരുടെയും മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞു. മതപരവും പ്രാദേശികവുമായ വേർതിരിവുകൾക്കപ്പുറം സഹോദരബന്ധത്തിന്‍റെ പുതിയൊരു അധ്യായത്തിനാണ് അവിടെ തുടക്കമായത്. മുംബൈ ഗോരെഗാവ് സ്വദേശി അനമതയും ഗുജറാത്തിലെ വൽസാഡ് സ്വദേശി ശിവം മിസ്ത്രിയും ഒരു വർഷം മുൻപുവരെ പരസ്പരം അറിയുമായിരുന്നില്ല. എന്നാൽ, ശിനിയാഴ്ച ശിവം മിസ്ത്രിക്ക് അനമത, ബാല്യത്തിൽ നഷ്ടമായ സഹോദരിയായി പുനർജനിച്ചു.
ശിവയുടെ സഹോദരി അകാലത്തിൽ മരണമടഞ്ഞ റിയയുടെ കൈയാണ് അനമതയുടെ കൈകളായി തുന്നിച്ചേർത്തിരിക്കുന്നത്. 2002 ഒക്റ്റോബർ 30ന് ഉത്തര്‍പ്രദേശിലെ അലിഗഡിൽ ഒരു ബന്ധുവീട് സന്ദർശിക്കുന്നതിനിടെ വൈദ്യുതി കേബിളിൽ കൈ തട്ടിയതിനെത്തുടർന്നാണ് അനമതയുടെ വലതുകൈ നഷ്ടമായത്. കഴിഞ്ഞ സെപ്റ്റംബറിൽ മുംബൈ ഗോരെഗാവിലുള്ള നാലാം ക്ലാസ് വിദ്യാർഥിനി റിയ മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്നു മരിച്ചപ്പോൾ ചികിത്സിച്ച ഡോക്റ്റർമാരാണ് അവയവദാനത്തെക്കുറിച്ചു മാതാപിതാക്കളെ അറിയിച്ചത്. അങ്ങനെ റിയയുടെ കൈകൾ അനമതയിൽ തുന്നിച്ചേർത്തു. റിയയുടെ വൃക്കകളും കരളുമടക്കം ദാനം ചെയ്തിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ കൈ ദാതാവും റിയയാണ്.
ഇത്തവണ രക്ഷാബന്ധൻ ദിനത്തിൽ റിയയുടെ സഹോദരനെ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു അനമത. മാതാപിതാക്കൾക്കൊപ്പമെത്തിയ അനമത, മകന്‍റെ കൈയില്‍ രാഖി കെട്ടിയപ്പോള്‍ റിയ ജീവിതത്തിലേക്കു തിരികെയെത്തിയതുപോലെ തോന്നിയെന്നു ശിവയുടെ അമ്മ തൃഷ്ണ മിസ്ത്രി. മുംബൈ മിതിഭായ് കോളെജിലെ 12ാം ക്ലാസ് വിദ്യാർഥിനിയാണ് അനമത. തനിക്ക് സഹോദരങ്ങളില്ലെന്നും ഇന്നു മുതൽ ശിവം തന്‍റെ സഹോദരനെന്നും അനമത പറഞ്ഞു. അനമത രാഖി കെട്ടിയപ്പോൾ റിയ കൈകളിൽ തൊടുന്നതുപോലെയാണ് തോന്നിയതെന്നു ശിവം പ്രതികരിച്ചു.