

സ്മിത് മച്ചാർ
മുംബൈ: ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി പ്രാർഥിച്ച് മുംബൈയിലെ അയൽവാസികൾ. സ്മിത് മച്ചാറിനെക്കുറിച്ച് തങ്ങൾക്ക് അഭിമാനമാണെന്നും അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും മുംബൈയിലെ ഘാട്കോപ്പറിലുള്ള അദ്ദേഹത്തിന്‍റെ മുൻ അയൽവാസികൾ പറഞ്ഞു.
ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിന്‍റെ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ആണ് വിമാനം തകർക്കാൻ ശ്രമിച്ചത്. ആകാശത്ത് പറക്കുന്നതിനിടെ ഇയാൾ മച്ചാറിനെ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ മച്ചാറിന് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മച്ചാറിനെ അഭിനന്ദിച്ചിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ദുബായിലേക്ക് താമസം മാറുന്നതുവരെ മാതാപിതാക്കൾക്കൊപ്പം ഘാട്കോപ്പറിലെ സ്വസ്തിക് ഹൈറ്റ്സ് അപ്പാർട്ട്മെന്‍റിലാണ് സ്മിത് മച്ചാർ താമസിച്ചിരുന്നത്.
15 വർഷത്തിലേറെയായി മച്ചാറിനെ അറിയുന്ന അയൽവാസിയായ ഡോ. ജിനിത് ഷാ, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും തയ്യാറായിരുന്ന ദയാലുവായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു. മച്ചാറിന്‍റെ മാതാപിതാക്കൾ അദ്ദേഹത്തെ പരിചരിക്കാൻ സൗദി അറേബ്യയിലേക്ക് പോയതായും അദ്ദേഹം പറഞ്ഞു.
സ്വസ്തിക് ബിൽഡിങ് ചെയർമാൻ അശോക് മക്വാനയും താമസക്കാരനായ ലക്ഷ്മികാന്ത് ജോഷിയും മച്ചാറിന്‍റെ പിതാവ് ഉപേന്ദ്രയുടെ അടുത്ത സുഹൃത്തുക്കളാണ്. സംഭവത്തിന് പിന്നാലെ ബുധനാഴ്ച മുഴുവൻ കുടുംബത്തിന് പിന്തുണയുമായി തങ്ങൾ ഒപ്പമുണ്ടായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
മച്ചാറിന്‍റെ ധീരമായ ഇടപെടലിൽ അപ്പാർട്ട്മെന്‍റിലെ താമസക്കാർ വലിയ അഭിമാനം പ്രകടിപ്പിച്ചു. മച്ചാർ തിരിച്ചെത്തുമ്പോൾ വലിയ സ്വീകരണം നൽകാനും ആഘോഷിക്കാനും പദ്ധതിയുണ്ടെന്നും അവർ പറഞ്ഞു. അതേസമയം അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി പ്രാർഥിക്കുകയാണെന്നും അയൽവാസികൾ വ്യക്തമാക്കി.
ബാല്യകാല സുഹൃത്ത് പ്രതീക് ഗാന്ധിയും സ്മിത് മച്ചാറിനെക്കുറിച്ച് സംസാരിച്ചു. കുട്ടിക്കാലം മുതൽ ശാന്തനും സംയമനമുള്ളയാളുമായിരുന്നു മച്ചാറെന്ന് അദ്ദേഹം പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന 180ലേറെ പേരുടെ ജീവൻ സംരക്ഷിക്കാൻ മച്ചാറിന്‍റെ ഇടപെടലിലൂടെ സാധിച്ചെന്ന് ഒരു അയൽവാസി പറഞ്ഞു. സ്വന്തം ജീവൻ പോലും അപകടത്തിലാക്കിയാണ് അദ്ദേഹം മറ്റുള്ളവരെ രക്ഷിച്ചതെന്നും അയൽവാസി വ്യക്തമാക്കി.
മച്ചാറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് കുടുംബം ആശങ്കാകുലരാണെന്നും അതേസമയം അദ്ദേഹത്തിന്‍റെ പ്രവർത്തിയിൽ അഭിമാനിക്കുന്നുണ്ടെന്നും മറ്റൊരു അയൽവാസി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ മച്ചാറിന്‍റെ കുടുംബത്തെ വിമാനത്താവളത്തിലെത്തിക്കാൻ അയൽവാസികൾ സഹായിച്ചിരുന്നു. വീട്ടിലെത്തി അവരുടെ ബാഗുകൾ താഴെയെത്തിച്ച് കാറിൽ കയറ്റി അയച്ചതായി അയൽവാസി പറഞ്ഞു. സംഭവത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ കുടുംബാംഗങ്ങൾക്ക് സ്വയം വാഹനം ഓടിക്കാൻ കഴിയാത്തതിനാൽ പ്രദേശവാസിയായ അക്ഷയ് ദോഷിയാണ് അവരെ വിമാനത്താവളത്തിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മച്ചാറിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ വിവരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിനും കുടുംബത്തിനുമായി പ്രാർഥിക്കുകയാണെന്നും മറ്റൊരു അയൽവാസി പറഞ്ഞു.
ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് ബോയിങ് 737 വിമാനത്തിന്‍റെ കോക്പിറ്റിൽ വച്ചാണ് മച്ചാറിനെ സഹപൈലറ്റ് കുത്തിപരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ മച്ചാർ നിലവിൽ ചികിത്സയിലാണ്.