

മുംബൈ ഭീകരാക്രമണം; കസബിന്‍റെ അഭിഭാഷകർക്ക് 18 വർഷമായിട്ടും പ്രതിഫലം ലഭിച്ചില്ല
മുംബൈ: കുപ്രസിദ്ധമായ മുംബൈ ഭീകരാക്രമണം നടന്ന് 18 വർഷം പിന്നിടുമ്പോഴും പിടിയിലായ ഏക പാക്കിസ്ഥാൻ ഭീകരൻ അജ്മൽ കസബിന് വേണ്ടി കോടതിയിൽ ഹാജരായ രണ്ട് അഭിഭാഷകർക്ക് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. 2010ൽ മഹാരാഷ്ട്ര സർക്കാർ നിയമിച്ച അമിൻ സോൾക്കർ, ഫർഹാന ഷാ എന്നിവർക്കാണ് ഇതുവരെ പ്രതിഫലം ലഭിക്കാത്തത്. കസബിന് വേണ്ടി ഒൻപത് മാസത്തോളം ഇവർ ബോംബെ ഹൈക്കോടതിയിൽ ഹാജരായിരുന്നു.
വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരായ കസബിന്‍റെ അപ്പീൽ പരിഗണിക്കുന്നതിനായി ഹൈക്കോടതി ഇരുവരെയും നാമനിർദേശം ചെയ്യുകയും മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി 2010 ജൂൺ എട്ടിന് വിജ്ഞാപനത്തിലൂടെ നിയമിക്കുകയുമായിരുന്നു.
അന്നത്തെ സെക്രട്ടറി എ.കെ. സോനവാനെ ഒപ്പിട്ട വിജ്ഞാപനപ്രകാരം സോൾക്കറിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടേതിന് തുല്യമായ പ്രതിഫലവും ഷായ്ക്ക് അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടേതിന് തുല്യമായ പ്രതിഫലവുമാണ് നിശ്ചയിച്ചിരുന്നത്. ഈ തുക പ്രതിദിനം 1,500 മുതൽ 2,000 രൂപ വരെയായിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
എന്നാൽ ഹൈക്കോടതി നടപടികൾ അവസാനിച്ച് 15 വർഷത്തിലേറെ പിന്നിട്ടിട്ടും തങ്ങളുടെ കുടിശിക ലഭിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു.
''കസബിന് വേണ്ടി ഹാജരായതിന്‍റെ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുമായി പലതവണ കത്തിടപാടുകൾ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല''- സോൾക്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
''ഒൻപത് മാസത്തോളം ഈ കേസ് വാദിക്കുന്നതിനായി ഞങ്ങൾ ദിവസം മുഴുവൻ മാറ്റിവച്ചു. നടപടികൾക്ക് തടസമുണ്ടാകാതിരിക്കാൻ ഞങ്ങളുടെ മറ്റ് കേസുകളെല്ലാം മാറ്റിവയ്ക്കേണ്ടിവന്നു''- ഷാ പറഞ്ഞു. ഹൈക്കോടതി വിധി പുറപ്പെടുവിച്ച ഉടൻ പ്രതിഫലം നൽകണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കുടിശിക ആവശ്യപ്പെടുമ്പോഴെല്ലാം, കോടതിയിൽ ഹാജരായ കൃത്യമായ ദിവസങ്ങളും മണിക്കൂറുകളും വ്യക്തമാക്കുന്ന വിശദമായ ബില്ലുകളും മെമ്മോകളും സമർപ്പിക്കാനാണ് അതോറിറ്റി ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകർ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഇത്തരത്തിലുള്ള വിശദമായ രേഖകൾ സൂക്ഷിച്ചുവയ്ക്കുന്നത് അസാധ്യമാണെന്നും ഈ ആവശ്യം യുക്തിരഹിതമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, അഭിഭാഷകരുടെ പ്രതിഫലം അനുവദിക്കുന്നതിന് ഔദ്യോഗിക ബില്ലുകളും മെമ്മോകളും സമർപ്പിക്കണമെന്നത് സാധാരണ നടപടിക്രമമാണെന്ന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പിടിയിലായതിനെ തുടർന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിഞ്ഞിരുന്ന കസബിനെ 2012 നവംബർ 21ന് പുനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ വച്ചാണ് തൂക്കിലേറ്റിയത്.
2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് അമെരിക്കൻ പൗരൻമാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. അത്യാധുനിക ആയുധങ്ങളുമായി എത്തിയ കസബ് അടക്കമുള്ള പത്ത് പാക്കിസ്ഥാൻ ഭീകരർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ 60 മണിക്കൂറിലേറെ നീണ്ടുനിന്ന ആക്രമണമാണ് അഴിച്ചുവിട്ടത്.