
മുംബൈ സ്ഫോടന പരമ്പര; 12 പ്രതികളെയും വെറുതെ വിട്ടു
മുംബൈ: മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പിടിയിലായ 12 പ്രതികളെയും വെറുതെ വിട്ട് ബോംബേ ഹൈക്കോടതി. സംശയത്തിന്‍റെ ആനുകൂല്യത്തിൽ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. പ്രതികളിൽ 5 പേർക്ക് വധശിക്ഷയും 7 പേർക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. 2006 ജൂലൈ 11ന് മുംബൈയിലെ ലോക്കൽ ട്രെയിനുകളിലുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 180പേർ കൊല്ലപ്പെട്ടിരുന്നു. എഴുന്നൂറോളം പേർക്കാണ് പരുക്കേറ്റിരുന്നത്.
പ്രതികൾ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പ്രതികൾ കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഇവർക്കെതിരേ മറ്റു കേസുകൾ ഇല്ലെങ്കിൽ ഉടൻ ജയിൽ മോചിതരാക്കണം എന്നും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
സ്ഫോടനത്തിൽ ഉപയോഗിച്ച ബോംബുകൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ഇതു വരെ സാധിച്ചിട്ടില്ല. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങൾക്കും സ്ഫോടന വസ്തുക്കൾക്കും സ്ഫോടന പരമ്പരയുമായി ബന്ധമില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ലോക്കൽ ട്രെയിനുകളിൽ കുക്കറുകളിലാക്കിയ നിലയിലാണ് ബോംബുകൾ വച്ചിരുന്നത്. 11 മിനിറ്റിനുള്ളിൽ 7 ബോംബുകൾ പൊട്ടിത്തെറിച്ചു. 2015ലാണ് വിചാരണക്കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.