കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൊലീസിന് ഇനി മുണ്ടും കുർത്തയും

വനിതാ പൊലീസ് ഉദ്യോഗസ്ഥർ സൽവാർ കുർത്ത ധരിക്കും
കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൊലീസിന് ഇനി മുണ്ടും കുർത്തയും
Updated on

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി പൊലീസ് ഉദ്യോഗസ്ഥർക്ക് പരമ്പരാഗത രീതിയിലുള്ള വസ്ത്രം. ഉത്തർപ്രദേശിലെ വാരാണാസിയിലും കാശി വിശ്വനാഥ് ധാമിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രധാരണത്തിലാണ് പരമ്പരാഗത രീതി കൊണ്ടുവരുന്നത്. പുരുഷ ഉദ്യോഗസ്ഥർ ഇനി കാക്കി യൂണിഫോമിന് പകരം പരമ്പരാഗത രീതിയിലുള്ള മുണ്ടും-കുർത്തയുമാകും ധരിക്കുക. എന്നാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സൽവാർ കുർത്ത ധരിക്കും.

പരമ്പരാഗത യൂണിഫോമിൽ നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. കൂടുതൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. പൊലീസ് യൂണിഫോമുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ ധാരണകളുണ്ട്. ഇവ ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഭക്തരുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് പൊലീസ് സേനയെ വിന്യസിക്കുന്നതിന് മുമ്പ് ഭക്തരോട് പെരുമാറേണ്ട രീതികളുമായി ബന്ധപ്പെട്ട് ത്രിദിന പരിശീലന പരിപാടികൾ സംഘടിപ്പിക്കും. പൊലീസ് യൂണിഫോം കാണുമ്പോഴുള്ള ഭക്തരുടെ ഭയവും മറ്റ് ആശങ്കളും ഒഴിവാക്കുന്നതിനാണ് പുതിയ രീതി അവതരിപ്പിക്കുന്നത്.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി നോ ടച്ച് നയം നടപ്പിലാക്കുമെന്ന് പൊലീസ് അറിയിച്ചു. ജനക്കൂട്ടത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നതാണ് ഈ സമീപനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭക്തജനങ്ങളുമായുള്ള ഇടപെടലിൽ മിക്കപ്പോഴും പൊലീസ് ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിക്കാറുണ്ട്. ഇതിനും പരിഹാരമെന്ന നിലയിലാണ് നീക്കമെന്ന് പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയെടുക്കുന്നതിനും ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗകര്യം ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഐപികളുടെ സഞ്ചാരത്തിന് വഴിയൊരുക്കുമ്പോൾ ഉദ്യോഗസ്ഥർ ഭക്തരെ ശാരീരികമായി നിയന്ത്രിക്കുകയും തടസപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടാത്ത വിധത്തിൽ ഇരു ദിശകളിലേക്ക് മാറ്റുന്നതിന് കയർ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com