
മഹേഷ് കലാവാദിയ
അഹമ്മദാബാദ്: ഗുജറാത്തിലെ വിമാന ദുരന്തത്തിനു പിന്നാലെ സിനിമാ സംവിധായകൻ മഹേഷ് കലാവാദിയ( മഹേഷ് ജിരാവാല)യെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഹേതൽ. അപകടത്തിൽ പെട്ട വിമാനത്തിലോ വിമാനം വീണ് തകർന്ന ഹോസ്റ്റലിലോ മഹേഷ് ഉണ്ടായിരുന്നില്ല. എന്നാൽ വിമാനാപകടത്തിനു തൊട്ടു പിന്നാലെ മഹേഷിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും പിന്നീട് ഇതു വരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും കാണിച്ച് മഹേഷിന്‍റെ ഭാര്യ പരാതി നൽകിയിട്ടുണ്ട്.
നരോഡ സ്വദേശിയായ മഹേഷ് ഒരു മീറ്റിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിമാന ദുരന്തം ഉണ്ടായത്. ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തപ്പോൾ ദുരന്തം നടന്ന പ്രദേശത്തിന് 700 മീറ്റർ ദൂരത്തായി മഹേഷ് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വിമാനം തകർന്നു വീണതിനു പിന്നാലെയാണ് ഫോണും സ്വിച്ച് ഓഫായിരിക്കുന്നത്. വിമാന ദുരന്തത്തിൽ 270 പേരാണ് മരിച്ചത്. മഹേഷിന്‍റെ കുടുംബവും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ സമർപ്പിച്ചിട്ടുണ്ട്.