

രാഘവ് ഛദ്ദ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് ഏറെ നാളത്തെ മൗനത്തിന് വിരാമമിട്ട് ബിജെപി എംപി രാഘവ് ഛദ്ദ രംഗത്തെത്തി. തന്‍റെ ചുമതല മാറിയിരിക്കുകയാണ് ഇപ്പോഴെന്നും അതുകൊണ്ടാണ് താൻ മിണ്ടാത്തതെന്നുമാണ് ഛദ്ദയുടെ വാദം. രാജ്യസഭയിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതിയെ പിന്തുണച്ച് സംസാരിക്കവെയാണ് രാഘവ് ഛദ്ദയുടെ പ്രതികരണം.
''മുൻപ് ഞാൻ പ്രതിപക്ഷത്തായിരുന്നു. ചോദ്യങ്ങൾ ചോദിക്കുക എന്നത് എന്‍റെ ജോലിയായിരുന്നു. ഞാൻ അത് സത്യസന്ധമായി ചെയ്തു. എന്നാൽ ഇപ്പോൾ ഞാൻ ഭരണപക്ഷത്തായതിനാൽ എന്‍റെ ചുമതല മാറിയിരിക്കുന്നു''- ഛദ്ദ പറഞ്ഞു. മാധ്യമശ്രദ്ധ നേടാനോ ക്യാമറകൾക്ക് മുന്നിൽ സാന്നിധ്യം അറിയിക്കാനോ അല്ല, വിദ്യാർഥികൾക്ക് ഫലം ലഭിക്കുന്ന നടപടികളാണ് പ്രധാനം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തെ യുവാക്കൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കുടുംബനാഥനെപ്പോലെ അവരുടെ വാക്കുകൾ കേട്ടുവെന്നും, അതിന്‍റെ അടിസ്ഥാനത്തിൽ നിർണായക നടപടികൾ സ്വീകരിച്ചുവെന്നും ഛദ്ദ പറഞ്ഞു. പരീക്ഷാ ചോർച്ച തടയുന്നതിനുള്ള ബിൽ ചരിത്രപരമായ നടപടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പൊതുജീവിതത്തിൽ തന്‍റെ ചുമതലകളിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളിലെ ചായയുടെയും സമൂസയുടെയും ഉയർന്ന വില, ഡെലിവറി ജീവനക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിച്ച വ്യക്തിയാണ് രാഘവ് ഛദ്ദ. എന്നാൽ നീറ്റ് വിഷയത്തിൽ രാജ്യതലസ്ഥാനത്ത് വൻ വിദ്യാർഥി പ്രക്ഷോഭം നടന്നിട്ടും ഛദ്ദ പ്രതികരിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. അടുത്തിടെയാണ് യുവനേതാവായ ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേർന്നത്.