ധർമസ്ഥലയിലെ ദുരൂഹ മ‌രണങ്ങൾ; 20 വർഷത്തിനിടയിൽ കാണാതായവരുടെ പട്ടിക തയാറാക്കും

സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബലാത്സംഗത്തിനിരയായ നൂറിലധികം പേരുടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചു മൂടിയെന്നാണ് ക്ഷേത്രം മുൻ ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ
mysterious deaths in dharmasthala list of missing persons to be prepared

ധർമസ്ഥലയിലെ ദുരൂഹ മ‌രണങ്ങൾ; 20 വർഷത്തിനുള്ളിൽ കാണാതായവരുടെ പട്ടിക തയാറാക്കാൻ എസ്ഐടി

Updated on

ബംഗളൂരു: ധർമസ്ഥലയിലെ നൂറിലധികം മരണങ്ങളുമായി ബന്ധപ്പെട്ട് 20 വർഷത്തിനുള്ളിൽ കാണാതായവരുടെ പട്ടിക തയാറാക്കാൻ എസ്ഐടി (Special Investigation Team). ദുരൂഹ മരണങ്ങളുടെയും അജ്ഞാത മൃതദേഹങ്ങളുടെയും കണക്കെടുക്കാനാണ് നീക്കം.

ബെൽക്കങ്കാടിയിൽ സജ്ജീകരിച്ച എസ്ഐടി ക്യാംപിലേക്ക് ലാൻഡ് റെക്കോഡ്സ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. ധർമസ്ഥലത്തെ റിസർവ്ഡ് വനത്തിലുൾപ്പെടെയുള്ള വിവിധയിടങ്ങളിൽ മൃതദേഹങ്ങൾ മറവു ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

1995 മുതൽ 2014 വരെയുള്ള സമയങ്ങളിൽ ധർമസ്ഥലത്ത് സ്ത്രീകൾ, കുട്ടികൾ , പുരുഷന്മാർ എന്നിങ്ങനെ നിരവധി മൃതദേങ്ങൾ കത്തിച്ച് സംസ്കരിച്ചിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ.

സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബലാത്സംഗത്തിനിരയായ നിരവധി പേരുടെ മൃതദേഹങ്ങൾ താൻ കത്തിച്ച് കുഴിച്ചു മൂടിയെന്നാണ് ഇയാൾ പറഞ്ഞത്. ധർമസ്ഥലം ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് ദക്ഷിണ കന്നഡ പൊലീസ് സ്റ്റേഷനിലെത്തി ഇക്കാര്യങ്ങൾ പറഞ്ഞത്. മൃതദേഹങ്ങളിൽ ചിലതിന്‍റെ ദൃശ്യങ്ങളും ഇയാൾ പൊലീസിനു കൈമാറി.

1995-2014നും ഇടയിലാണ് ധർമസ്ഥലത്ത് ശുചീകരണ തൊഴിലാളിയായി ജോലിചെയ്തിരുന്ന ആളാണ് വെളിപ്പെടുത്തൽ നടത്തിയത്. അന്ന് ആ പരിസര പ്രദേശങ്ങളിൽ നിരവധി മൃതദേഹങ്ങൾ കണ്ടിരുന്നു. ഇതിൽ അധികവും സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നു. അധികം മൃതദേഹങ്ങളും നഗ്നമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കിരയായതായി മനസിലാകുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

താൻ ഇത് തന്‍റെ സൂപ്പര്‍വൈസറോട് പറഞ്ഞെങ്കിലും അദ്ദേഹം അവയെല്ലാം രഹസ്യമായി കുഴിച്ചിടാൻ ആവശ്യപ്പെടുകയായിരുന്നു. അതിനു വിസമ്മതിച്ച താൻ പൊലീസിൽ വിവരമറിയിക്കുമെന്നു പറഞ്ഞതോടെ അയാൾ ക്രൂരമായി മർദിച്ചു. കുടുംബത്തോടെ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ താൻ പേടിച്ച് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങളിൽ ഏറ്റവും വേദനിപ്പിച്ചത് ഒരു 12 -15 നും ഇടയിൽ പ്രായമുള്ള കുട്ടിയെ കണ്ടപ്പോഴാണ്. അവൾ സ്കൂൾ യൂണിഫോമിലായിരുന്നു. ബാഗും ഒപ്പമുണ്ടായിരുന്നു. അവൾക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. അതിക്രൂരമായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുടെ മുഖം ആസിഡ് ഒഴിച്ച് കരിച്ച നിലയിലായിരുന്നു. ധര്‍മസ്ഥല പ്രദേശത്ത് വീടില്ലാത്തവരെയും യാചകരെയും കൊലപ്പെടുത്തിയതിന് താൻ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് 2014 ൽ തന്‍റെ കുടുംബത്തിലെ പ്രായപൂർ‌ത്തിയാവാത്ത പെൺകുട്ടിയെ സൂപ്പർ വൈസറുടെ അറിവോടെ ഒരാൾ പീഡിപ്പിച്ചു. ഇതോടെ താനും കുടുംബവും ഭയന്ന് നാടുവിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ധർമസ്ഥല ക്ഷേത്രവുമായി ബന്ധമുള്ളവരാണ്. അവർ വളരെ സ്വാധീനമുള്ളവരാണ്. അവരെ എതിര്‍ക്കുന്നവരെ അവര്‍ കൊലപ്പെടുത്തും. തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ പേരുകളും അവരുടെ പങ്കും വെളിപ്പെടുത്താന്‍ താൻ തയ്യാറാണെന്നും നുണപരിശോധനയ്ക്ക് വിധേയനാവാമെന്നും അദ്ദേഹം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com