

നിതിൻ നബീൻ.
File
ന്യൂഡൽഹി: ജെ.പി. നഡ്ഡയുടെ പിൻഗാമിയായി ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ 20ന് പ്രഖ്യാപിക്കും. വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീനെ ഏകകണ്ഠമായി തെരഞ്ഞെടുക്കാനാണു വഴിയൊരുങ്ങുന്നത്. 19നാണ് നാമനിർദേശ പത്രിക സമർപ്പണമെന്നു സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ദേശീയ വരണാധികാരി കെ. ലക്ഷ്മൺ പുറത്തിറക്കിയ സമയക്രമത്തിൽ വ്യക്തമാക്കി.
19ന് ഉച്ചയ്ക്കുശേഷം രണ്ടിനും നാലിനുമിടയിൽ നാമനിർദേശ പത്രിക സമർപ്പിക്കണം. നാലിനും അഞ്ചിനും ഇടയിൽ സൂക്ഷ്മ പരിശോധന. ആറു മണിക്കു മുൻപ് പത്രിക പിൻവലിക്കാം. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ 20ന് വോട്ടെടുപ്പ്. അന്നു തന്നെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താകും മുഴുവൻ നടപടിക്രമങ്ങളും.
ഇപ്പോഴത്തെ വർക്കിങ് പ്രസിഡന്‍റ് നിതിൻ നബീൻ തന്നെയാകും നഡ്ഡയുടെ പിൻഗാമിയെന്നു പാർട്ടിവൃത്തങ്ങൾ. മറ്റാരും മത്സരിക്കാനിടയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ നഡ്ഡ എന്നിവരുടെ ആശീർവാദത്തോടെയാണ് ബിഹാറിൽ നിന്നുള്ള യുവ നേതാവ് നിതിൻ നബീനെ വർക്കിങ് പ്രസിഡന്‍റാക്കിയത്. മകരസംക്രാന്തിക്കു ശേഷം നബീനെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തുമെന്ന് അന്നു തന്നെ സൂചിപ്പിച്ചിരുന്നു. 5708 പേർക്കാണു ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരമുള്ളത്.