
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) 4 വർഷത്തെ വിലക്കേർപ്പെടുത്തി. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനയ്ക്ക് സാംപിൾ നൽകാത്തതിനാലാണ് നടപടി. ഇതോടെ ഒളിംപിക് മെഡൽ ജേതാവായ പൂനിയയ്ക്ക് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലകൻ ആകാനോ സാധിക്കില്ല.
ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് നാഡ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതേ സംഭവത്തിൽ നേരത്തെ അന്താരാഷ്‌ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങും പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെന്‍ഷനെതിരെ ബജ്റങ് അപ്പീല്‍ നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നാഡയുടെ ഇപ്പോഴത്തെ നടപടി.
കഴിഞ്ഞ മാർച്ച് 10 ന് സോനിപത്തിൽ നടന്ന ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള ട്രയൽസിനു ശേഷമാണ് പൂനിയ സാംപിൾ നൽകാൻ വിസമ്മതിച്ചത്. പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കിറ്റുകൾ കാലഹരണപ്പെട്ടാണെന്ന് ആരോപിച്ചായിരുന്നു ഇത്.
പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നും പൂനിയ പിന്നീട് നാഡയെ അറിയിച്ചിരുന്നു. മൂത്ര സാംപിള്‍ നല്‍കാതിരുന്നത് ബോധപൂര്‍വമാണെന്നും നാഡയിലുള്ള അവിശ്വാസം രേഖപ്പെടുത്തലാണെന്നും ഇതിനുള്ള മറുപടിയില്‍ നാഡ വ്യക്തമാക്കി.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് ബ്രിജ്ഭൂഷണ്‍ സിംഗിനെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ആളാണ് പൂനിയ ഇതിലുള്ള പ്രതികാര നടപടിയാണ് തനിക്കേർപ്പെടുത്തിയിരിക്കുന്ന വിലക്കെന്ന് ബജ്രംഗ് പൂനിയ ആരോപിച്ചു.