പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതി; സോണിയ ഗാന്ധിക്കെതിരായ കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് ജോഷിയാണ് ബുധനാഴ്ച ഡൽഹി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്
sonia gandhi

സോണിയ ഗാന്ധി

Updated on: 

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുൻപ് 1983ൽ വോട്ടർപട്ടികയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയെന്ന പരാതിയിൽ പൊലീസിനോട് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് തേടി ഡൽഹി കോടതി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് ജോഷിയാണ് ബുധനാഴ്ച ഡൽഹി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

സോണിയ ഗാന്ധിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മജിസ്ട്രേറ്റ് കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തേണ്ടതില്ലെന്ന മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സെപ്റ്റംബറിൽ സെഷൻസ് കോടതി റദാക്കി.

റൗസ് അവന്യു കോടതിയിലെ സെൻട്രൽ ഡൽഹി കോടതി ബാർ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കൂടിയായ അഭിഭാഷകൻ വികാസ് ത്രിപാഠി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ നൽകിയ പുനപരിശോധന ഹർജിയിലാണ് സെഷൻസ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. കേസ് ഇനി നവംബർ 28ന് പരിഗണിക്കും.