ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം 53 ആയി
Namibian cheetah Jwala gave birth to five cubs

ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

Updated on

കുനോ: കുനോ ദേശീയോദ്യാനത്തിൽ നമീബിയൻ ചീറ്റയായ ജ്വാല മൂന്നാമതും അമ്മയായി. ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു.

ഇതോടെ ഇന്ത്യയിൽ ജനിച്ചു വളരുന്ന ചീറ്റപ്പുലി കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നു. ഇത് പത്താം തവണയാണ് ഇന്ത്യൻ മണ്ണിൽ ചീറ്റ കുഞ്ഞുങ്ങൾ വിജയകരമായി ജനിക്കുന്നത്. ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണിത്- മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു. പുതിയ കുഞ്ഞുങ്ങളുടെ വരവോടെ ഇന്ത്യയിൽ ആകെ ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നു.

ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന വന്യജീവിയാണ് ചീറ്റപ്പുലികൾ. അവയ്ക്കു വംശനാശം സംഭവിച്ചതോടെ "പ്രോജക്റ്റ് ചീറ്റ'' എന്ന പേരിൽ മോദി സർക്കാർ പ്രത്യേക പദ്ധതി തന്നെ ആരംഭിക്കുകയായിരുന്നു.

ഇത് അഭിമാന നിമിഷമാണെന്നും, വെറ്റെറിനറി ഡോക്റ്റർമാർ, ഫീൽഡ് സ്റ്റാഫുകൾ തുടങ്ങി ചീറ്റകളുടെ സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന എല്ലാവരുടെയും സമർപ്പിത പരിശ്രമം, കഴിവ്, പ്രതിജ്ഞാബദ്ധത എന്നിവയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു. വന്യജീവി സംരക്ഷണ യാത്രയിലെ ചരിത്രപരവും ഹൃദയസ്പർശിയായതുമായ നിമിഷമാണിത്. ജ്വാലയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ വളരുകയും ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും- അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്തിടെ, ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലിയായ ഗാമിനി രണ്ടാമതും അമ്മയായി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഫെബ്രുവരി 28ന് യാദവ് ബോട്സ്വാനയിൽ നിന്നും സ്വീകരിച്ച 9 ചീറ്റകളെ (6 പെൺ ചീറ്റകളെയും 3 ആൺ ചീറ്റകളെയും) കുനോ നാഷണൽ പാർക്കിലെ ക്വാറന്‍റെൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ദേശീയ ഉദ്യാനത്തിലെ സ്വാഭാവിക ഭൂപ്രകൃതിയിലേക്ക് തുറന്നു വിടും മുമ്പ് ചീറ്റകളെ ഇന്ത്യൻ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്താനും ആരോഗ്യ നിരീക്ഷണത്തിനും വിധേയമാക്കാനുമായിരുന്നു ആ നടപടി.

logo
Metro Vaartha
www.metrovaartha.com