ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് 'നമോ ഭാരത്' അതിവേഗ റെയ്ൽ

പുതിയ റെയ്ൽപ്പാത മീററ്റിലെ മോദിപുരത്തിൽ നിന്ന് ആരംഭിച്ച് ദൗരാല, ഖതൗലി, മുസഫർനഗർ, പുർകാസി, റൂർക്കി, ഹരിദ്വാർ എന്നിവിടങ്ങളിലൂടെ കടന്ന് ഋഷികേശിലെ ലക്ഷ്മൺ ജൂല പ്രദേശത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ്
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: ഡൽഹി–മീററ്റ് നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കും ഋഷികേശിലേക്കും നീട്ടാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകി. പദ്ധതി യാഥാർഥ്യമായാൽ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങൾ തമ്മിലുള്ള ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സർവേ പുരോഗമിക്കുകയാണ്.

ഏകദേശം 150 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റെയ്ൽപ്പാത മീററ്റിലെ മോദിപുരത്തിൽ നിന്ന് ആരംഭിച്ച് ദൗരാല, ഖതൗലി, മുസഫർനഗർ, പുർകാസി, റൂർക്കി, ഹരിദ്വാർ എന്നിവിടങ്ങളിലൂടെ കടന്ന് ഋഷികേശിലെ ലക്ഷ്മൺ ജൂല പ്രദേശത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ഏകദേശം 72 കിലോമീറ്റർ ഉത്തർപ്രദേശിലും 78 കിലോമീറ്റർ ഉത്തരാഖണ്ഡിലുമാണ് ഉൾപ്പെടുന്നത്.

പദ്ധതി നിലവിലെ ഡൽഹി–മീററ്റ് നമോ ഭാരത് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ ഹരിദ്വാറിലും ഋഷികേശിലും നിന്ന് ഗാസിയാബാദ്, ആനന്ദ് വിഹാർ, സരായ് കാലെ ഖാൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് അതിവേഗ യാത്ര സാധ്യമാകും. ഭാവിയിൽ ഡൽഹി–പാനിപ്പത്ത്, ഗാസിയാബാദ്–നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ആർആർടിഎസ് പാതകളുമായും ഇത് ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ ഡൽഹിയിൽ നിന്ന് റോഡ് മാർഗം ഋഷികേശിലെത്താൻ അഞ്ചു മുതൽ ആറു മണിക്കൂർ വരെ വേണ്ടിവരാറുണ്ട്. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള നമോ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചാൽ യാത്രാസമയം രണ്ടര മുതൽ മൂന്ന് മണിക്കൂറായി കുറയും. തീർഥാടകർക്ക് വേഗത്തിലും സൗകര്യപ്രദമായും യാത്ര ചെയ്യാൻ കഴിയുന്നതോടൊപ്പം വാരാന്ത്യ വിനോദസഞ്ചാരത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.പദ്ധതിയുടെ ചെലവ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഡിപിആർ പൂർത്തിയായ ശേഷമായിരിക്കും അന്തിമ ചെലവും നിർമാണ കാലയളവും നിശ്ചയിക്കുക.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വ്യവസായം, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് മേഖലകൾക്ക് പദ്ധതി വലിയ ഉണർവ് നൽകുമെന്നും വിലയിരുത്തപ്പെടുന്നു. മികച്ച റെയ്ൽ ബന്ധം ലഭിക്കുന്നതോടെ മുസഫർനഗർ, റൂർക്കി, ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ നഗരങ്ങളിൽ പുതിയ നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

logo
Metro Vaartha
www.metrovaartha.com