

നാനാ പടേക്കർ
പനാജി: പ്രശസ്ത ബോളിവുഡ് - മറാത്തി നടൻ നാനാ പടേക്കര്‍ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ഗോവ പൊലീസ്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതിനാൽ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 194 പ്രകാരമാണ് പനജി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുടുംബാംഗങ്ങളുടെയും സഹായിയുടെയും മൊഴി രേഖപ്പെടുത്തും.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ഇത് ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്നും ഇതിൽ മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. എങ്കിലും വീട്ടിൽ തനിച്ചായിരുന്ന സമയത്ത് മരണം സംഭവിച്ചതിനാലാണ് ഔദ്യോഗിക റെക്കോർഡുകൾക്കായി മെഡിക്കോ-ലീഗൽ കേസ് (MLC) എടുത്തത്.
വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ താരത്തിന്‍റെ വസതിയിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി പൂനെയിലെ ഫാം ഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകൾ നടന്നു.