പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ്
Nandan Nilekani to lead exam reforms in India

നന്ദൻ നിലേകനി.

File

Updated on

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവെച്ച വിഡിയൊ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരീക്ഷാ ചോദ്യ പേപ്പർ ചോർത്തുന്ന കേസുകളിൽ കുറ്റക്കാർക്ക് പത്ത് കോടി രൂപ വരെ പിഴയും കഠിനമായ ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കെയാണ് നിർണായക പ്രഖ്യാപനം. വിദ്യാർഥികളുടെ ഭാവിയെ കരുതി കേന്ദ്ര സർക്കാർ നിരന്തരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ അതിവേഗ കോടതികൾ രൂപീകരിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് പരീക്ഷാ സംവിധാനങ്ങളുടെ ഭാവി മുൻനിർത്തി പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷകൾ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനും വ്യവസ്ഥാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമുള്ള വിദഗ്ധ സമിതിയിൽ ഇസ്രൊ മുൻ ചെയർമാൻ എസ്. സോമനാഥ്, ഐബി മുൻ ഡയറക്റ്റർ തപൻ ഡേക, ചെന്നൈ ഐഐടി ഡയറക്റ്റർ വി. കാമകോടി, വിദ്യാഭ്യാസ വകുപ്പിലെ മുൻ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവരും ഉൾപ്പെടുന്നു.

പ്രതിഷേധങ്ങളെ തുടർന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. എൻഡിഎ സർക്കാരിന്‍റെ മൂന്ന് ടേമുകൾക്കിടയിൽ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി രാജിവയ്ക്കുന്നത് ഇതാദ്യമാണ്. തുടർന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകിയിരുന്നു. ഞായറാഴ്ച കർതവ്യ ഭവനിൽ ചുമതലയേറ്റെടുത്ത അദ്ദേഹം സ്കൂൾ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു.

നിലേകനിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം തയാറാക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇ-ഗവ് ഫൗണ്ടേഷൻ, എക്സ്-സ്റ്റെപ്പ് ഫൗണ്ടേഷൻ എന്നിവയുടെ സഹസ്ഥാപകനും, മുൻ യുഐഡിഎഐ (UIDAI) ചെയർമാനുമായ നന്ദൻ നിലേകനിയുടെ സാങ്കേതിക രംഗത്തെ അനുഭവസമ്പത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.

ആധാർ കാർഡിന്‍റെ ആവിഷ്കർത്താവ് എന്ന നിലയിൽ രാജ്യത്ത് സുപ്രധാന സാങ്കേതിക വഴിത്തിരിവിന് തുടക്കം കുറിച്ച നിലേകനി പത്മഭൂഷൻ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സമിതി വഴി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിക്കാമെന്നും, അതുവഴി സിജെപി പ്രക്ഷോഭത്തിന്‍റെയും ധർമേന്ദ്ര പ്രധാന്‍റെ രാജിയും കൊണ്ടുണ്ടായ ക്ഷീണം തീർക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

logo
Metro Vaartha
www.metrovaartha.com