നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

2007ലെ നന്ദിഗ്രാം ഭൂമി കയ്യേറ്റത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയ കേസിൽ വെള്ളിയാഴ്ചയാണ് പ്രധാനെ അറസ്റ്റ് ചെയ്തത്
Milan Pradhan

മിലാൻ പ്രധാൻ

Updated on

കോൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥി മിലാൻ പ്രധാനെ പിൻവലിക്കില്ലെന്ന് കോൺഗ്രസ്. സ്ഥാനാർഥിയുടെ അറസ്റ്റ് ദേശീയ വിഷയമായി ഉയർത്തിക്കൊണ്ടുവരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

2007ലെ നന്ദിഗ്രാം ഭൂമി കയ്യേറ്റത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയ കേസിൽ വെള്ളിയാഴ്ചയാണ് പ്രധാനെ അറസ്റ്റ് ചെയ്തത്. നന്ദിഗ്രാം പ്രക്ഷോഭത്തിൽ 12 ലധികം കേസുകളിൽ പ്രതിയാണ് പ്രധാൻ. പുർബ മെഡിനിപുർ ജില്ലയിലെ ചാന്ദിപുരിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രധാനെ അറസ്റ്റ് ചെയ്തത്.

ഉപതെരഞ്ഞെടുപ്പിൽ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി തന്‍റെ പാർട്ടിയുടെ പിന്തുണ പ്രധാന് പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിൽ തന്‍റെ വിഭാഗത്തിന്‍റെ സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻവാങ്ങി മണിക്കൂറുകൾക്ക് പിന്നാലെയാണ് മമത പിന്തുണ പ്രഖ്യാപിച്ചത്.

തൃണമൂൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അന്വേഷിക്കാൻ കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ ചെന്നപ്പോൾ യഥാർഥത്തിൽ കേസ് ഇല്ലെന്നും താത്കാലികമായി കസ്റ്റഡിയിൽ എടുത്തതാണെന്നുമാണ് പൊലീസ് അറിയിച്ചത്. കേസുകൾ പിൻവലിക്കാമെന്ന് വാഗ്ദാനം നൽകി തെരഞ്ഞെടുപ്പിൽ നിന്ന് പിൻവാങ്ങാൻ പ്രധാന് മേൽ പൊലീസ് സമ്മർദ്ദം ചെലുത്തുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു. രാജ്യത്ത് ഈ രീതിയിലാണോ ജനാധിപത്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിൽ പ്രതിപക്ഷത്തിന്‍റെ ശബ്ദം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com