

മിലാൻ പ്രധാൻ
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് വീണ്ടും തിരിച്ചടി. 2007ലെ കേസിൽ അറസ്റ്റിലായ മിലനെ ഒക്റ്റോബർ അഞ്ച് വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ ഒക്റ്റോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി മിലന് നേരിട്ട് പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല.
ഉപതിരഞ്ഞെടുപ്പിന്‍റെ പ്രചാരണം ഒക്റ്റോബർ നാലിന് അവസാനിക്കും. ഒക്റ്റോബർ അഞ്ച് വരെ ജയിലിൽ കഴിയേണ്ടി വരുന്നതിനാൽ മിലന് പ്രചാരണത്തിന് എത്താനാകില്ല. പുർബ മേദിനിപുർ ജില്ലാ കോടതിയാണ് തിങ്കളാഴ്ച മിലനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. 19 വർഷം മുൻപ് ഖേജുരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അതേസമയം കോടതി ഉത്തരവിനെതിരേ കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് മിലന്‍റെ അഭിഭാഷകനായ അയൻ ഭട്ടാചാര്യ പറഞ്ഞു.
2007ലെ നന്ദിഗ്രാം ഭൂസമരവുമായി ബന്ധപ്പെട്ട കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയാണ് മിലനെ സെപ്റ്റംബർ 18ന് അറസ്റ്റ് ചെയ്തത്. അതേസമയം മിലന്‍റെ സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ചതിനെ തുടർന്നാണ് നന്ദിഗ്രാം നിയമസഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ വർഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഭവാനിപുർ മണ്ഡലം നിലനിർത്താനാണ് സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് രാജിവച്ചത്.