മൂന്നാം മോദി സർക്കാർ അധികാരത്തിലേക്ക്

സത്യപ്രതിജ്ഞയ്ക്കുള്ള അവസാനവട്ടം തയാറെടുപ്പുകൾ തലസ്ഥാനത്ത് തുടരുകയാണ്
narendra modi 3.0 oath ceremony updates
narendra modi 3.0 oath ceremony updates

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിന് ഇന്നു തുടക്കം. വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയായ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന്‍റെ റെക്കോഡിന് ഒപ്പമെത്തും മോദി. നെഹ്റു മൂന്നു വട്ടവും ഏകകക്ഷി സർക്കാരിനെയാണ് നയിച്ചത്. എന്നാൽ, മോദിയുടേത് സഖ്യസർക്കാരാണ്.

ആദ്യ രണ്ടു ടേമിലും ബിജെപിക്കു തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ ഇത്തവണ സഖ്യകക്ഷികളുടെ പിന്തുണയിലാണു ഭരണം. സത്യപ്രതിജ്ഞയ്ക്കുള്ള അവസാനവട്ടം തയാറെടുപ്പുകൾ തലസ്ഥാനത്ത് തുടരുകയാണ്. 8000ഓളം പേർക്കാണ് ചടങ്ങിലേക്കു ക്ഷണം. ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും രാഷ്‌ട്രപതി ഭവനിൽ വിരുന്നുണ്ടാകും. മോദി സർക്കാരിനെ അംഗീകരിക്കില്ലെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അതേസമയം, അന്താരാഷ്‌ട്ര നേതാക്കൾക്കു മാത്രമാണ് ക്ഷണമെന്നും ക്ഷണം കിട്ടിയാൽ പങ്കെടുക്കുന്നത് തീരുമാനിക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

സഖ്യകക്ഷികൾക്ക് 5-8 മന്ത്രിമാർ

സഖ്യകക്ഷികൾക്ക് അഞ്ചു മുതൽ എട്ടു വരെ ക്യാബിനറ്റ് പദവികൾക്കാണു സാധ്യത. ബിജെപിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ രാജ്നാഥ് സിങ്, അമിത് ഷാ, ഗഡ്കരി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ശിവരാജ് സിങ് ചൗഹാൻ, ബസവരാജ് ബൊമ്മെ, മനോഹർലാൽ ഖട്ടർ, സർബാനന്ദ സോനോവാൾ എന്നിവരുടെ പേരും ഉയരുന്നുണ്ട്. കേരളത്തിൽ നിന്നു സുരേഷ് ഗോപിയും മന്ത്രിസഭയിലുണ്ടായേക്കും.

ടിഡിപിയിൽ നിന്നു റാം മോഹൻ നായിഡുവും ജെഡിയുവിൽ നിന്ന് ലാലൻ സിങ് സഞ്ജയ് ഝാ, രാംനാഥ് ഠാക്കുർ എന്നിവരിൽ ഒരാളും എൽജെപിയുടെ ചിരാഗ് പാസ്വാനും ശിവസേനയുടെ പ്രതിനിധിയുമാകും ഇന്ന് ഘടകകക്ഷി പ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുകയെന്നും റിപ്പോർട്ട്. ഒക്റ്റോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള മഹാരാഷ്‌ട്രയെയും അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിനെയും കരുതലോടെ സമീപിച്ചാകും മന്ത്രിസഭാ രൂപീകരണം.

സാക്ഷ്യം വഹിക്കാൻ വിദേശ നേതാക്കളും

നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് അയൽ രാഷ്‌ട്രങ്ങളുടെ നേതാക്കളും സാക്ഷ്യം വഹിക്കും. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സു, ഭൂട്ടാൻ രാജാവ് ഷെറിങ് തോബ്ഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പകുമാർ ദഹൽ പ്രചണ്ഡ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, സീഷെൽസ് വൈസ് പ്രസിഡന്‍റ് അഹമ്മദ് ആരിഫ് തുടങ്ങിയവർ ഡൽഹിയിലെത്തി. അയൽ രാജ്യങ്ങളോട് പ്രഥമ പരിഗണനയെന്ന നിലപാടിന്‍റെ ഭാഗമായാണ് ഇവർക്കു ക്ഷണം. സത്യപ്രതിജ്ഞയ്ക്കു ശേഷം നേതാക്കൾ രാഷ്‌ട്രപതി ഭവനിലെ വിരുന്നിൽ പങ്കെടുക്കും.

മന്ത്രിസഭാ രൂപീകരണത്തിൽ ചർച്ചകൾ

മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി. നഡ്ഡ എന്നിവരുടെ നേതൃത്വത്തിൽ ഘടകകക്ഷികളുമായി ചർച്ചകൾ തുടരുകയാണ്. ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം, വിദ്യാഭ്യാസം, സംസ്കാരം, ഐടി തുടങ്ങിയ വകുപ്പുകൾ ബിജെപി നിലനിർത്തുമെന്നാണ് പാർ‌ട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. റെയ്‌ൽവേ വേണമെന്ന് ജെഡിയുവിന് താത്പര്യമുണ്ട്.

എന്നാൽ, മന്ത്രി അശ്വനി വൈഷ്ണവിനു കീഴിൽ റെയ്‌ൽവേയിൽ തുടരുന്ന ആധുനികീകരണം മുന്നോട്ടു കൊണ്ടുപോകാൻ ഇതു പാർട്ടി നിലനിർത്തണമെന്നാണു ബിജെപി നേതൃത്വത്തിന്‍റെ നിലപാട്.

ഇനി ഫോക്കസ് മധ്യവർഗത്തിൽ

ഇതുവരെ കണ്ടത് ട്രെയ്‌ലറാണെന്നും വലിയ കാര്യങ്ങൾ വരാനിരിക്കുന്നുവെന്നും പറഞ്ഞിരുന്നു പ്രധാനമന്ത്രി. മൂന്നാമൂഴത്തിന്‍റെ തുടക്കത്തിൽ സർക്കാർ മധ്യവർഗത്തെയാകും പ്രധാനമായി ലക്ഷ്യമിടുകയെന്നാണ് കരുതുന്നത്. ബജറ്റിൽ മധ്യവർഗത്തെ സമാശ്വസിപ്പിക്കാനുള്ള നടപടികളുണ്ടായേക്കും. ഇത്തവണയുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം ഇടത്തരക്കാർ അകന്നതാണെന്ന വിലയിരുത്തലുണ്ട് നേതൃത്വത്തിന്.

Trending

No stories found.

Latest News

No stories found.