ഇന്ത്യയുടെ വളർച്ചയിൽ ചിലർക്ക് നിരാശ, പ്രതിപക്ഷം വിചാരിച്ചാൽ ഈ സർക്കാർ തകരില്ല; രാഹുലിന് മറുപടിയുമായി മോദി

ഇന്ത്യയുടെ വളർച്ചയിൽ ചിലർക്ക് നിരാശ, പ്രതിപക്ഷം വിചാരിച്ചാൽ ഈ സർക്കാർ തകരില്ല; രാഹുലിന് മറുപടിയുമായി മോദി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി. രാഹുലിനെ വിമർശിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. അന്വേഷണ ഏജൻസിയായ എൻഫോഴ്സ് മെന്‍റ്  ഡയറക്‌ടറേറ്റ് പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മേലുള്ള ചർച്ചയിലായിരുന്നു മോദിയുടെ പ്രതികരണം.

രാഹുലിന്‍റെ പേരെടുത്തു പറയാതെയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ലോക്സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായെന്നും മോദി പറഞ്ഞു. ചിലർ രാഷ്ട്രപതിയെ വരെ അപമാനിച്ചതായും തന്നെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസിനിപ്പോൾ സമയമുള്ളു, എന്നാൽ താൻ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ചതായി മോദി ലോക് സഭയിൽ പറഞ്ഞു. ജി 20 അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യയെത്തിയത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ ചിലർക്ക് ഇതെല്ലാം സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അവർ ആത്മപരിശോധന നടത്തട്ടെ, ഈ സർക്കാർ സ്ഥിരതയുള്ളതാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

ടുജി, കോമൺ വെൽത്ത് , വോട്ടിങ്ങ് പണം തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങൾ മൂലം പ്രതിച്ഛായ നഷ്ടപ്പെട്ടതിന്‍റെ നിരാശയാണ് ചിലർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതീക്ഷയോടെയാണ് ലോകം ഇന്ത്യയെ നോക്കികാണുന്നത്. കൊവിഡ് കാലത്ത് ഉണ്ടായ ആഘാതത്തിലും യുദ്ധത്തിന്‍റെ കെടുതികളിലുമൊക്കെ ലോകം വീർപ്പു മുട്ടുകയാണ്. എന്നാൽ ഇന്ത്യ ഉൽപ്പാദന കേന്ദ്രമായി വളരുകയാണ്. രാജ്യത്തിന്‍റെ പുരോഗതി ലോകം ഉറ്റു നോക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. 

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം കനത്ത മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ബിആർഎസ് അംഗങ്ങൾ ആദ്യം തന്നെ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോൺ​ഗ്രസ് അം​ഗങ്ങളും സഭവിട്ടു. ഇറങ്ങി പോയ കോൺ​ഗ്രസ് എംപിമാർ പിന്നീട് സഭയിലേക്ക് തിരിച്ചു വരികയായിരുന്നു. കോൺ​ഗ്രസിൽ നിന്നും ആദ്യം എത്തിയത് ശശി തരൂർ ആയിരുന്നു. ശശി തരൂരിന് മോദി നന്ദി പറഞ്ഞു.  വൈകാതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഴുവൻ കോൺ​ഗ്രസ് എംപിമാരും മടങ്ങിയെത്തി. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com