
ന്യൂഡൽഹി: പ്രതിപക്ഷം എത്രത്തോളം ചെളി വാരി എറിയുന്നോ അത്രത്തോളം കൂടുതൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഇന്നും അദാനി വിഷയം ഉയർത്തി പ്രതിഷേധിച്ചു. പിന്നാലെയാണ് പ്രധാനമന്ത്രി മറുപടിയുമായി എത്തിയത്.
മണിക് വർമ്മയുടെ കവിതയിലെ വരികൾ ചൊല്ലിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. 'അവരുടെ പക്കൽ അഴുക്കാണ് എന്‍റെ പക്കൽ നിറങ്ങളും' എന്ന് അർധം വരുന്ന വരികൾ ചൊല്ലിക്കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിന്‍റെ കുടുംബക്കാർ നെഹുറു എന്ന കുടുംബ പേര് ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞ മോദി നെഹ്റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാവുമല്ലോ പിന്നെ എന്തുകൊണ്ടാണ് ആ പേര് കുടുംബപേരായി സ്വീകരിക്കാത്തതെന്നും ചോദിച്ചു.
ബിജെപി സർക്കാർ രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയും പാചക വാതകവും നൽകിയെന്നും മോദി പറഞ്ഞു. രാഷ്ടീയ നേട്ടങ്ങൾ നോക്കാതെ ശോഭനീയമായ ഭാവി സൃഷ്ടിക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.ചിലരുടെ ഭാഷയും പെരുമാറ്റവുമൊക്കെ രാജ്യത്തിനു തന്നെ നിരാശയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തലത്തിലിറങ്ങി പ്രതിഷേധിച്ചു.അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.