
ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപ തട്ടിച്ച കേസിൽ ജെറ്റ് എയർവേയ്സ് വിമാനക്കമ്പനി സ്ഥാപകൻ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്ത് ഇഡി. മുംബൈയിലെ ഓഫിസിൽ മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് കള്ളപ്പണ നിരോധന നിയമം പ്രകാരം ഗോയലിനെ അറസ്റ്റ് ചെയ്തത്.
മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഗോയലിനെ ഇന്ന് ഹാജരാക്കും. തട്ടിപ്പിൽ ഗോയൽ, ഭാര്യ അനിത, കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർ എന്നിവർക്കെതിരേയാണ് സിബിഐ കേസ് ഫയൽ ചെയ്തിരുന്നത്. കാനറാ ബാങ്കിൽ നിന്ന് 848.86 കോടി രൂപ വായ്പ എടുത്തതിനു ശേഷം 538 കോടി രൂപ കുടിശിക വരുത്തിയെന്നാരോപിച്ച് വഞ്ചന, ക്രിമിനൻ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബാങ്ക് പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയിലായതിനു പുറകേ ജലൻ കൽറോക് കൺസോർഷ്യം കമ്പനി ഏറ്റെടുത്തിരുന്നു.