National Child Rights Commission's recommendation to close madrassas: Supreme Court stays
മദ്രസ

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു

ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
Published on

ന്യൂഡല്‍ഹി: മദ്രസകൾ അടച്ചുപൂട്ടണമെന്നും മദ്രസ ബോർഡുകൾക്കും മദ്രസകൾക്കും നൽകുന്ന ധനസഹായം നിർത്തണമെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. മദ്രസകളിലെ വിദ്യാഭ്യാസ രീതി വിദ്യാഭ്യാസ അവകാശ നിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ അധ്യക്ഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു

ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സർക്കാറുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങൾ നടത്തുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ഭരണഘടന നൽകുന്ന ഉറപ്പിന്‍റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷൻ നടപടിയെന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍സിപിസിആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുയെന്നത് കൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com