

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ (ഇഡി) കുറ്റപത്രത്തിൽ കേസെടുക്കാൻ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവിനെതിരേ ഇഡി നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഒക്റ്റോബർ 12ന് പരിഗണിക്കും.
ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഹർജി അടുത്ത മാസം പരിഗണിക്കുന്നതിനായി മാറ്റിയത്. സോണിയ, രാഹുൽ എന്നിവരുടെ അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഒക്റ്റോബർ ആദ്യവാരം തന്നെ കേസ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിങ്‌വി എന്നിവരാണ് സോണിയയ്ക്കും രാഹുലിനും വേണ്ടി ഹാജരായത്. ഇവരുടെ വാദം അംഗീകരിച്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോഡ, സ്വകാര്യ കമ്പനിയായ യങ് ഇന്ത്യൻ എന്നിവർ ഗൂഢാലോചനയിലും കള്ളപ്പണം വെളുപ്പിക്കലിലും ഏർപ്പെട്ടെന്നാണ് ഇഡിയുടെ ആരോപണം. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്‍റെ (എ.ജെ.എൽ) ഏകദേശം 2,000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇവർ സ്വന്തമാക്കിയെന്നാണ് കേസ്.