
ന്യൂഡല്‍ഹി: കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കേന്ദ്ര ഉപരിതല ഗതാഗത- ദേശീയപാതാ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന വിഹിതം പൂര്‍ണമായി ഇളവു ചെയ്യുന്നതിനു തത്വത്തില്‍ തീരുമാനമായെന്ന് കെ.വി. തോമസ് പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്നായിരുന്നു കേരളവും കേന്ദ്രവും തമ്മിൽ നേരത്തേയുണ്ടാക്കിയ ധാരണ. എന്നാല്‍ ഈ കാര്യത്തില്‍ പൂര്‍ണ ഇളവു വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഇന്നലത്തെ കൂടിക്കാഴ്ചയില്‍ അനുകൂല തീരുമാനമായത്. ഇതിന്റെ തുടർ നടപടികൾക്കായി വൈകാതെ ഉദ്യോഗസ്ഥതല യോഗം ചേരും. കേന്ദ്രമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്ക കാലത്തു കേരളത്തിലെ ദേശീയ പാതയ്ക്കുണ്ടായ നാശനഷ്ടം 83 കോടി രൂപയാണ്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാതാ ചീഫ് എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കേന്ദ്രം തുക നല്‍കും.
കഴക്കൂട്ടം ബൈപ്പാസില്‍ പഴയകട മുതല്‍ കുളത്തൂര്‍ വരെ ഫ്ലൈ ഓവര്‍ നിർമിക്കണമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ അന്‍സലന്‍ ആവശ്യപ്പെട്ടിരുന്നു. കഴക്കൂട്ടം ബൈപ്പാസിന്റെ നിർമാണം പൂര്‍ത്തികരിക്കുന്നതോടെ ഫ്ലൈ ഓവറിന്റെ പണി ആരംഭിക്കും. രാമനാട്ടുകര- വെങ്ങലം സ്ട്രെച്ച് ദേശീയ പാതയിലെ ഫ്ലൈ ഓവറിന്റെ കാര്യത്തിലും തീരുമാനം അനുകൂലമാണ്.
കല്യാശേരി എംഎല്‍എ ആവശ്യപ്പെട്ടപ്രകാരം ഹാജിമൊട്ടയില്‍ നിർമിക്കുന്ന ടോള്‍ പ്ലാസ 500 മീറ്റര്‍ മാറ്റി വയക്കരവയലില് സ്ഥാപിക്കുന്നതും സര്‍വീസ് റോഡ് നവീകരിക്കുന്ന കാര്യവും പരിശോധിച്ചു തീരുമാനമെടുക്കും. പയ്യന്നൂര്‍ എംഎല്‍എയുടെ ആവശ്യപ്രകാരം വെള്ളൂര്‍ ബാങ്ക് പരിസരത്ത് അണ്ടര്‍പാസ് നിർമിക്കുന്നതിനും നടപടി ഉണ്ടാകും.
വടകര നഗരസഭയില്‍ ഫ്ലൈ ഓവര്‍ വേണമെന്ന നഗരസഭാ ചെയര്‍പേഴ്സന്റെ ആവശ്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ദേശീയപാതാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ കുളം ബസാറില്‍ പൊതുജന സൗകര്യാർഥം ബോക്സ് കള്‍വെര്‍ട്ടിന്റെ നിർമാണവും പരിഗണനയിലുണ്ട്. കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ചര്‍ച്ചയില്‍ സംസ്ഥാനത്തിന് അനുകൂലമായ സമീപനമാണു മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കെ.വി. തോമസ് അറിയിച്ചു.