

ഉത്തരാഖണ്ഡിലെ ഡെറാഢൂണിൽ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവരെ പൊലീസ് തടയുന്നു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനമായ ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, അസം, ഉത്തർപ്രദേശ്, ചണ്ഡിഗഢ്, തെലങ്കാന, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഹിമാചൽ പ്രദേശ്, ഒഡിശ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പ്രതിഷേധം നടക്കുകയാണ്.
ഡൽഹിയിൽ കോൺഗ്രസ്, കോക്രോച്ച് ജനത പാർട്ടി (സിജെപി), ഐസ സംഘടനകളുടെ നേതൃത്വത്തിൽ ജന്തർ മന്തറിലാണ് പ്രതിഷേധം നടക്കുന്നത്. പൊതുജനങ്ങളും പ്രതിഷേധത്തിൽ അണിചേർന്നിട്ടുണ്ട്.
അതേസമയം ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് പറഞ്ഞ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രദേശത്തേക്കുള്ള പ്രവേശനം വിലക്കി. ഇതോടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഒരുവിഭാഗം ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
അസമിലെ ഗുവാഹട്ടിയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുൻപിലാണ് പ്രതിഷേധം അരങ്ങേറിയത്. പൊലീസ് സജ്ജമാക്കിയ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹിമാചൽ പ്രദേശിലെ ഷിംലയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, പാർട്ടി സംസ്ഥാന അധ്യക്ഷൻ വിനയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ബിഹാറിലെ പട്നയിലും ചണ്ഡീഗഢിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മണ്ണിപ്പൂരിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് കണ്ണീർവാതക പ്രയോഗം നടത്തിയെന്നും റിപ്പോർട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഡെറാഢൂണിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള കുമാരി സെൽജ തുടങ്ങിയവർ പങ്കെടുത്തു.