നവി മുംബൈ-അബുദാബി സര്‍വീസ് ജൂലൈ 15 മുതല്‍; ബുക്കിങ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങിയവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Air India Express

എയര്‍ ഇന്ത്യ എക്‌സ്പ്രസ്

file

Updated on

മുംബൈ: പുതുതായി പ്രവര്‍ത്തനമാരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അബുദാബിക്ക് നേരിട്ടുള്ള വിമാന സര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 15 മുതലാണ് സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങിയവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

നവി മുംബൈ വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ പോകുന്ന ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു തവണയാണ് സര്‍വീസ് ഉണ്ടാവുക. ജൂലൈ 29 മുതല്‍ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി ഉയര്‍ത്തുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

നവി മുംബൈയില്‍നിന്ന് ആഴ്ചയില്‍ 30 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുക. അബുദാബിക്ക് പുറമെ ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കും നേരിട്ട് സര്‍വീസ് നടത്തും. മഹാരാഷ്ട്രയിലെ വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചുവരികയാണെന്ന് വിമാനക്കമ്പനി പറഞ്ഞു. നിലവില്‍ ആഴ്ചയില്‍ മുംബൈയില്‍നിന്ന് 95, പുനെയില്‍നിന്ന് 100, നാഗ്പുരില്‍നിന്ന് 14 എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം.

രാജ്യത്തെ 43 സ്ഥലങ്ങളിലേക്കും വിദേശത്തെ 16 കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 500ലധികം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. ബോയിങ് 737, എയര്‍ബസ് എ320 എന്നിവ അടങ്ങുന്ന 100ലധികം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.

logo
Metro Vaartha
www.metrovaartha.com