ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ ആദായനികുതി ഉൾപ്പെടുത്തി എൻസിഇആർടി

"അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി ഇന്ത്യ ആൻഡ് ബിയോണ്ട്-പാർട്ട് 2" എന്ന പേരിലുള്ള പാഠപുസ്തകമാണ് പുറത്തിറക്കിയത്
NCERT includes income tax in the Class 9 curriculum.

ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ ആദായനികുതി ഉൾപ്പെടുത്തി എൻസിഇആർടി

Updated on: 

ന്യൂഡൽഹി: ആദ്യമായി ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ വ്യക്തിഗത ആദായനികുതി ഉൾപ്പെടുത്തി എൻസിഇആർടി. സത്യസന്ധമായും കൃത്യസമയത്തും നികുതി അടയ്ക്കുന്നത് ഓരോ പൗരന്‍റെയും പ്രധാന ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഇതുവഴി നൽകാൻ എൻ‌സിഇആർടി ലക്ഷ്യമിടുന്നത്.

"അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി ഇന്ത്യ ആൻഡ് ബിയോണ്ട്-പാർട്ട് 2" എന്ന പേരിലുള്ള പാഠപുസ്തകമാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. പുതിയ അധ്യയനവർഷം ആരംഭിച്ച് ആറ് മാസത്തിന് ശേഷമാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിന്‍റെ ആദ്യഭാഗം ജൂണിൽ പുറത്തിറക്കിയിരുന്നു.

ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ആദ്യമായി പുതിയ നികുതി സമ്പ്രദായത്തിലെ വിവിധ സ്ലാബുകൾ അനുസരിച്ച് യഥാർഥ ആദായനികുതി കണക്കാക്കാൻ പഠിക്കാനാകുമെന്ന് എൻസിഇആർടി മേധാവി ദിനേഷ് പ്രസാദ് സക്‌ലാനി പറഞ്ഞു.

നികുതി അടയ്ക്കുന്നത് രാജ്യത്തിന്‍റെ വികസനത്തിന് സഹായിക്കുന്നതിനാൽ അത് "ഓരോ പൗരന്‍റെയും പ്രധാന ഉത്തരവാദിത്തമാണ്" എന്ന സാമൂഹിക ഉത്തരവാദിത്ത സന്ദേശത്തോടെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

‘വ്യക്തിഗത ധനകാര്യങ്ങൾ കൈകാര്യം ചെയ്യുക’ എന്ന അധ്യായത്തിലാണ് വ്യക്തിഗത ആദായനികുതിയെക്കുറിച്ച് വിശദീകരിക്കുന്നത്. പണം കൈകാര്യം ചെയ്യുന്നതിന്‍റെ ശീലം കുട്ടിക്കാലത്തുതന്നെ ആരംഭിക്കണമെന്ന് അധ്യായം പറയുന്നു.

കൂടുതൽ പണം സമ്പാദിക്കുന്നതിൽ മാത്രമല്ല, ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കൃത്യമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലാണ് പണം വിവേകപൂർവം കൈകാര്യം ചെയ്യുന്നതിന്‍റെ പ്രാധാന്യമെന്ന് പാഠപുസ്തകം വിശദീകരിക്കുന്നു. ചെലവഴിക്കൽ, സമ്പാദ്യം, നിക്ഷേപം, സാമ്പത്തിക അപകടങ്ങളിൽനിന്നുള്ള സംരക്ഷണം, ഉത്തരവാദിത്തത്തോടെ വായ്പയെടുക്കൽ, നികുതി അടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അധ്യായത്തിൽ പുതിയ ആദായനികുതി സമ്പ്രദായത്തിലെ നികുതി സ്ലാബുകൾ പട്ടികയായി നൽകിയിട്ടുണ്ട്. ഓരോ സ്ലാബിനും അനുസരിച്ച് നികുതി ബാധ്യത എങ്ങനെ കണക്കാക്കാമെന്നും ഘട്ടംഘട്ടമായി വിശദീകരിക്കുന്നു. പഴയ നികുതി സമ്പ്രദായത്തെക്കുറിച്ച് ഈ അധ്യായത്തിൽ പരാമർശമില്ല.

2020 ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിലാണ് ഇന്ത്യയിൽ പുതിയ നികുതി സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത്. 2020–21 സാമ്പത്തിക വർഷം മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കുറഞ്ഞ നികുതി നിരക്കുകളാണ് പുതിയ സമ്പ്രദായത്തിന്‍റെ പ്രത്യേകത.

വ്യക്തിഗത ധനകാര്യത്തിന്‍റെ പ്രധാന ഘടകങ്ങളെക്കുറിച്ചും അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. വരുമാനം, ബജറ്റിങ്, സമ്പാദ്യം, നിക്ഷേപം, സംരക്ഷണവും അപകടസാധ്യതാ നിയന്ത്രണവും എന്നിവയാണ് പ്രധാന ഘടകങ്ങളായി പറയുന്നത്.

സ്ഥിരനിക്ഷേപങ്ങൾ, ബോണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവ നിക്ഷേപ മാർഗങ്ങളായി പുസ്തകത്തിൽ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com