അജിത് പവാറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; അമിത് ഷായ്ക്കും രാഹുൽ ഗാന്ധിക്കും എൻസിപി എംഎൽഎയുടെ കത്ത്

എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാറാണ് അജിത് പവാറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ട് അമിത് ഷായെയും രാഹുൽ ഗാന്ധിയെയും സമീപിച്ചത്
NCP MLA writes to Amit Shah and Rahul Gandhi, seeking a CBI probe into Ajit Pawar's death

അപകടത്തിന്‍റെ ദൃശ‍്യങ്ങൾ

Updated on: 

ന‍്യൂഡൽഹി: മുൻ മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്ക് കത്തയച്ചു.

വിഎസ്ആർ വെഞ്ചേഴ്സ് ഉടമ വി.കെ. സിങ്ങിനെ മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംരക്ഷിക്കുന്നുവെന്നും ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാത്തതെന്നും രോഹിത് പവാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്.

വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് തങ്ങൾ ആവശ‍്യപ്പെടാൻ തുടങ്ങിയിട്ട് 9 മാസത്തിലേറെയായെന്നും എന്നാൽ ഓരോ അന്വേഷണ ഏജൻസികളും ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കാനും തങ്ങളുടെ ദൗത‍്യത്തിൽ നിന്നും ഒഴിഞ്ഞുമാറാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

വിഎസ്ആർ വെഞ്ചേഴ്സിന്‍റെ സാമ്പത്തിക ഇടപാടുകൾ, അപകടത്തിൽപ്പെട്ട വിടി-എസ്എസ്കെ അടക്കമുള്ള വിമാനങ്ങൾ വാങ്ങാൻ ഉപയോഗിച്ച പണത്തിന്‍റെ ഉറവിടം, കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മറ്റ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെ പറ്റിയും അന്വേഷണം നടത്തണമെന്നാണ് രോഹിത് പവാറിന്‍റെ ആവശ‍്യം.

ഇത് കൂടാതെ ഈ കമ്പനിയുമായി ആരോപിക്കപ്പെടുന്ന 850 കോടി രൂപയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെ പറ്റി ഇഡി, ആദായനികുതി വകുപ്പ് അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെ അന്വേഷിക്കണമെന്നും രോഹിത് പവാർ കത്തിൽ ഉന്നയിക്കുന്നു.

2026 ജനുവരി 28ന് മുംബെയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെ ബാരാമതി വിമാനത്താവളത്തിൽ വിഎസ്ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ലിയർജെറ്റ് 45 വിമാനം തകർന്നുവീണാണ് അജിത് പവാറും മറ്റു നാലുപേരും മരണപ്പെട്ടത്. മഹാരാഷ്ട്ര സിഐഡിയും സിവിൽ ഏവിയേഷൻ‌ മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ‍്യൂറോയുമാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്.