

വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് അമെരിക്കയിലേയ്ക്ക്
file photo
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമെരിക്കയിലേയ്ക്ക്. അവശ്യധാതു സമ്മേളനത്തിനായാണ് ജയശങ്കറുടെ യുഎസ് യാത്ര. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമെരിക്കയുമായുള്ള വ്യാപാര കരാർ ഉൾപ്പടെ ചർച്ച നടക്കും.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിച്ചു ചേർത്ത ക്രിട്ടിക്കൽ മിനറൽസ് മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കർ ഇന്ന് യുഎസിലേയ്ക്ക് യാത്ര തിരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ഫെബ്രുവരി നാലുവരെ വിദേശകാര്യമന്ത്രി അമേരിക്കയില്‍ ഉണ്ടാവും.
അവശ്യ ധാതു വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനങ്ങള്‍, നിര്‍ണായക ധാതുക്കളിലെ തന്ത്രപരമായ സഹകരണം എന്നിവയില്‍ മന്ത്രിതല യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ സന്ദര്‍ശന വേളയില്‍ യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.