നീറ്റ് വിവാദം; കങ്കണയും സിജെപി വക്താവ് സൗരവ് ദാസും തമ്മിൽ വാക്പോര്

സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കമായത്
Kangana Ranaut, Saurav Das

കങ്കണ റണൗട്ട്, സൗരവ് ദാസ്

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെച്ചൊല്ലി ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസും തമ്മിൽ വാക്പോര് കടുക്കുന്നു. സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന് തുടക്കമായത്.

കങ്കണയുടെ പരാമർശത്തിനെതിരേ പ്രതികരിച്ച സൗരവ് ദാസ്, യുവതലമുറയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് മാനസികമായി സ്ഥിരതയുള്ള ഒരാളുടെ ഭാഷയല്ലെന്ന് പറഞ്ഞു. നിങ്ങളുടെ കുടുംബത്തിൽ ജെൻ സീ അല്ലെങ്കിൽ ജെൻ ആൽഫ തലമുറയിൽപ്പെട്ട യുവാക്കളുണ്ടെങ്കിൽ അവരെയും ഇങ്ങനെ വിളിക്കുമോയെന്നും സൗരവ് ചോദിച്ചു. ഒരു എംപിയെന്ന നിലയിൽ കങ്കണയുടെ പ്രവർത്തനത്തെയും സൗരവ് വിമർശിച്ചു. സ്വന്തം മണ്ഡലത്തിലെ ജനങ്ങളോട് എംപിയായ ശേഷം പ്രതീക്ഷിച്ചതിലും കൂടുതൽ ജോലി ചെയ്യേണ്ടിവരുന്നുവെന്ന് കങ്കണ പറഞ്ഞ വീഡിയോ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവർ സ്വന്തം ചുമതലകളെ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് അത് വ്യക്തമാക്കുന്നുവെന്ന് പറഞ്ഞു. നിലവിലെ സിജെപി പ്രക്ഷോഭത്തിന്‍റെ ജനപ്രീതി മുതലെടുക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നും സൗരവ് ആരോപിച്ചു.

ഇതിന് മറുപടിയായി ഇൻസ്റ്റഗ്രാമിൽ പുതിയ കുറിപ്പ് പങ്കുവച്ച കങ്കണ, ഗൂഗിളിൽ തിരഞ്ഞപ്പോൾ സൗരവ് ദാസിന് 28 വയസാണെന്നും ഇപ്പോഴും വിദ്യാർത്ഥിയാണെന്ന് അവകാശപ്പെടുന്നതെങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും പരിഹസിച്ചു. താൻ രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും കഴിഞ്ഞ 20 വർഷമായി പൊതുജീവിതത്തിൽ സജീവമാണെന്ന് കങ്കണ പറഞ്ഞു. "അദ്ദേഹത്തിന്‍റെ പ്രായത്തിൽ ഞാൻ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു. ഞാൻ എംപിയായതോടൊപ്പം സിനിമാ സംവിധായികയും അഭിനേത്രിയും നിർമ്മാതാവും തിരക്കഥാകൃത്തും സംരംഭകയുമാണ്. എപ്പോഴും തിരക്കുള്ള ജീവിതം എന്താണെന്ന് തൊഴിലില്ലാത്ത ഒരാൾക്ക് മനസിലാകില്ല," -കങ്കണ പറഞ്ഞു. "സൗരവ്, നിങ്ങളുടെ പ്രശ്നങ്ങൾ വ്യക്തിപരമാണ്. നിങ്ങൾ വിദ്യാർത്ഥിയല്ല, തൊഴിലില്ലാത്ത ആളാണ്. ആദ്യം എന്തെങ്കിലും ഒരു തൊഴിൽ പഠിക്കൂ," എന്നായിരുന്നു കങ്കണയുടെ മറ്റൊരു പരിഹാസം.

logo
Metro Vaartha
www.metrovaartha.com