

നീറ്റ് വിഷയം വടക്കുകിഴക്കൻ ഇന്ത്യയിലേക്കും വ്യാപിക്കുന്നു
കൊഹിമ: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലേക്കും പ്രതിഷേധം വ്യാപിക്കുന്നു. വിഷയത്തിൽ ജൂലൈ 27ന് കൊഹിമയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാഗ സ്റ്റുഡന്‍റസ് ഫെഡറേഷൻ അറിയിച്ചു. കൊഹിമയിലെ നാഗ സോളിഡാരിറ്റി പാർക്കിൽ നടക്കുന്ന പ്രതിഷേധത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം സമർപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദം പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത തകർക്കുകയും ആയിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുകയും ചെയ്തതായി സംഘടന ആരോപിച്ചു. ഡൽഹിയിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെയും ശക്തമായി അപലപിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും നിയമന-പരീക്ഷാ സംവിധാനങ്ങളിൽ കൂടുതൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തിയതെന്നും, ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിലുള്ള പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
സംവിധാനപരമായ വീഴ്ചകളും അഴിമതിയും ഭരണപരമായ അനാസ്ഥയും കാരണം വിദ്യാർഥികളുടെ ഭാവിയും സ്വപ്നങ്ങളും തകർക്കപ്പെടാൻ പാടില്ലെന്നും സംഘടന പറഞ്ഞു. "വിദ്യാർഥികളുടെ അവകാശങ്ങൾ വിട്ടുവീഴ്ച ചെയ്യാനാവില്ല" എന്ന പ്രമേയത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും വിദ്യാർഥികളോടും പൊതുജനങ്ങളോടും പ്രതിഷേധത്തിൽ പങ്കെടുക്കാനും സംഘടന ആഹ്വാനം ചെയ്തു.