നീറ്റ് പുനഃപരീക്ഷ 21ന്; കനത്ത സുരക്ഷയില്‍ പരീക്ഷാകേന്ദ്രങ്ങള്‍

ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുനഃപരീക്ഷ എഴുതുന്നത്.
NEET re-exam today

നീറ്റ് പുനഃപരീക്ഷ 21ന്

Updated on

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റിന്റെ പുനഃപരീക്ഷ ജൂണ്‍ 21ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുനഃപരീക്ഷ എഴുതുന്നത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ രണ്ടരലക്ഷം പൊലീസുകാരെയും 15000 അര്‍ധസൈനികരെയും വിന്യസിച്ചു. ചോദ്യപേപ്പറുടെ സുരക്ഷാചുമതല അര്‍ധസൈനിക വിഭാഗങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നല്‍ ജാമറുകളും ഏര്‍പ്പെടുത്തി. ക്യാമറകളിലെ ദൃശ്യങ്ങള്‍ നീറ്റ് പരീക്ഷയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പ്രത്യേക സംഘം തത്സമയം നിരീക്ഷിക്കും. പരീക്ഷാകേന്ദ്രങ്ങളില്‍ മേല്‍നോട്ടത്തിനായി 6669 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങളിലാണ് ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചത്.

ചോദ്യപേപ്പര്‍ ക്രമക്കേട് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍വെച്ച് ക്രമക്കേടുകള്‍ കാണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com