നീറ്റ്; രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്
Supreme Court

സുപ്രീം കോടതി

Updated on

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി, രാധാകൃഷ്ണൻ സമിതിയുടെയും നന്ദൻ നിലേകനി സമിതിയുടെയും ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ദേശീയ പരീക്ഷാ ഏജൻസിയോട് (എൻടിഎ) സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്.

വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ പരിഷ്കാരങ്ങൾ സ്ഥാപനതലത്തിൽ സ്ഥിരമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നീറ്റ് ചോദ്യപേപ്പർ അച്ചടിക്കുന്ന ഘട്ടം മുതൽ വിദ്യാർഥികൾക്ക് ലഭിക്കുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷാ സംവിധാനത്തിൽ പിഴവുകൾക്ക് സാധ്യതയില്ലെന്നും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനമുണ്ടെന്നും വാഹനത്തിന്‍റെ ചെറിയ നീക്കം പോലും രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനുവേണ്ടി അഭിഭാഷക തൻവി ദുബെ സമർപ്പിച്ച ഹർജിയുൾപ്പെടെ ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ പരീക്ഷാ നടപടികളിലെ പരിഷ്കാരങ്ങൾ, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകളുടെ മെച്ചപ്പെടുത്തൽ, ദേശീയ പരീക്ഷാ ഏജൻസിയുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച ശുപാർശകൾ നൽകുന്നതിനായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ രാധാകൃഷ്ണൻ സമിതിയെ രൂപീകരിച്ചത്. നീറ്റ് പരീക്ഷയിൽ ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ടാസ്‌ക് ഫോഴ്സും കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com