രണ്ട് ബില്യൺ ഡോളറിന്‍റെ സാമ്പത്തിക പാക്കേജ്: മോദിയുമായി കൂടിക്കാഴ്ച; ഇന്ത്യാ സന്ദർശനത്തിന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഞായറാഴ്ച എത്തും

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായക ചർച്ചകൾ നടക്കും
Nepal Prime Minister Balendra Shah

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

Updated on: 

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഞായറാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാർച്ചിൽ അധികാരമേറ്റശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനം. 24 മണിക്കൂറിലേറെ നീളുന്ന സന്ദർശനം തിങ്കളാഴ്ച അവസാനിക്കും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായക ചർച്ചകൾ നടക്കും.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ ഉഭയകക്ഷി ചർച്ച നടത്തും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും സന്ദർശിക്കും. ഔദ്യോഗിക വിരുന്നിനും മോദി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.

രണ്ട് ബില്യൺ ഡോളറിന്‍റെ സാമ്പത്തിക പാക്കേജ്

ഇന്ത്യയോട് രണ്ട് ബില്യൺ ഡോളറിന്‍റെ സാമ്പത്തിക പാക്കേജാണ് നേപ്പാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു ബില്യൺ ഡോളർ ഗ്രാന്‍റായി നൽകണമെന്നാണ് നിർദേശം. വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും സമീപകാലത്തെ മിന്നൽ പ്രളയത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണത്തിനുമാണ് തുക വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സാമ്പത്തിക സഹായവും കുറഞ്ഞ പലിശയിലുള്ള വായ്പകളും അനുവദിക്കുന്നതിന് പദ്ധതികളുടെ വിശദമായ റിപ്പോർട്ടുകൾ ആവശ്യമാണ്. ഈ തുക ഫലപ്രദമായി വിനിയോഗിക്കാനുള്ള നേപ്പാളിന്‍റെ ശേഷിയും ഇന്ത്യയ്ക്ക് വിലയിരുത്തേണ്ടതുണ്ട്.

സാമ്പത്തിക സഹകരണം, നിക്ഷേപം, ഗതാഗത സൗകര്യങ്ങൾ, ഊർജം, ഡിജിറ്റൽ കണക്റ്റിവിറ്റി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണം ലക്ഷ്യമിട്ട് സംയുക്ത കാഴ്ചപ്പാട് രേഖയ്ക്ക് ഇന്ത്യ രൂപം നൽകിയിട്ടുണ്ട്. ബാലേന്ദ്ര ഷായുടെ സന്ദർശനത്തിനിടെ രേഖ പുറത്തിറക്കുകയും സന്ദർശനത്തിന്‍റെ സമാപനത്തിൽ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യാനാണ് നിർദേശം. നിലവിലുള്ള സഹകരണ പദ്ധതികൾ ക്രോഡീകരിക്കുന്നതിനൊപ്പം ഇന്ത്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് പ്രത്യേക ലക്ഷ്യങ്ങളും നിശ്ചയിക്കും.

അതിർത്തി തർക്കവും ഗൂർഖ റിക്രൂട്ട്മെന്‍റും ചർച്ചയാകും

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരമായും സന്ദർശനം വിലയിരുത്തപ്പെടുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ അതിർത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട തർക്കവും ഇന്ത്യൻ സൈന്യത്തിലെ ഗൂർഖ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട ഭിന്നതകളും ചർച്ചയായേക്കും. ഈ പ്രദേശങ്ങൾ ഉത്തരാഖണ്ഡിന്‍റെ ഭാഗമാണെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.

2025ലെ ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് കെ.പി. ശർമ ഒലി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതിനു പിന്നാലെ മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ബാലേന്ദ്ര ഷാ അധികാരത്തിലെത്തിയത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ ചരിത്രപരമായ തർക്കങ്ങൾക്കപ്പുറം സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യോമഗതാഗത ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുമാണ് പുതിയ ഭരണനേതൃത്വം മുൻഗണന നൽകുന്നത്.

വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ, ധനമന്ത്രി സ്വർണിം വാഗ്ലെ, പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് കുമാർ ബ്യാഞ്ചൻകർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ബാലേന്ദ്ര ഷായെ അനുഗമിക്കും.