

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയിലെത്തി
ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പ്രഥമ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ബാലേന്ദ്ര ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ഞായറാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിച്ചു. തുടർന്ന് വൈകിട്ടു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബാലേന്ദ്ര ഷായുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണു ബാലേന്ദ്ര ഷായുടെ ദ്വിദിന സന്ദർശനം.
ഊർജം, ജലവൈദ്യുതി, റെയ്ൽവേ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു ബാലേന്ദ്ര ഷാ എത്തിയത്. തിങ്കളാഴ്ച അദ്ദേഹം മോദിയുമായി ചർച്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അദ്ദേഹം സന്ദർശിക്കും. ചർച്ചകൾക്ക് ശേഷം നേപ്പാളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഓൺലൈനായി നിർവ്വഹിക്കും. വിവിധ മേഖലകളിലെ സുപ്രധാന കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര, നിക്ഷേപ പങ്കാളിയാണ് ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതിയിലൂടെ മാത്രം നേപ്പാളിന് ഏകദേശം 1800 കോടി നേപ്പാളീസ് രൂപ വരുമാനം ലഭിച്ചിരുന്നു. 10 വർഷത്തിനുള്ളിൽ നേപ്പാളിൽ നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള ദീർഘകാല കരാർ ഇരുരാജ്യങ്ങളും തമ്മിലുണ്ട്. നിലവിൽ 1200 മെഗാവാട്ട് വൈദ്യുതി ഇന്ത്യ വാങ്ങുന്നുണ്ട്. കൂടാതെ, നിർമാണത്തിലിരിക്കുന്ന 900 മെഗാവാട്ടിന്റെ അരുൺ-3 ജലവൈദ്യുത പദ്ധതിയടക്കം നിരവധി സംരംഭങ്ങളിൽ ഇന്ത്യൻ കമ്പനികൾ പങ്കാളികളാണ്.
അതേസമയം, ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം (ലിപുലേഖ്, ലിംപിയാധുര, കാലാപാനി) പരിഹരിക്കാൻ ചൈനയുടെയും ബ്രിട്ടന്റെയും ഇടപെടൽ വേണമെന്ന് കഴിഞ്ഞ മേയിൽ ബാലേന്ദ്ര ഷാ നടത്തിയ പരാമർശം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യമുണ്ടാക്കിയിരുന്നു. അതിർത്തി വിഷയത്തിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ അപ്പോൾത്തന്നെ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കാനും ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാനും ബാലേന്ദ്ര ഷായുടെ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.