

ദീപക് മഹാസ്കെ
ന്യൂഡൽഹി: ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്‍റെ പുതിയ തലവനായി നിയമിതനായിരിക്കുകയാണ് ഛത്തീസ്ഗഢിൽ നിന്നുള്ള നേതാവും വിദ്യാഭ്യാസ വിദഗ്ധനുമായ ദീപക് മഹാസ്കെ. 11 വർഷമായി ഈ ചുമതല വഹിച്ചിരുന്ന അമിത് മാൽവിയയെ മാറ്റിയാണ് 58കാരനായ മഹാസ്കെയുടെ നിയമനം.
ഛത്തീസ്ഗഢിൽ കെമിസ്ട്രി പ്രൊഫസറായി പ്രവർത്തിച്ചിട്ടുള്ള മഹാസ്കെ എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ മുൻ സ്വതന്ത്ര ഡയറക്റ്ററും ബോർഡ് അംഗവുമാണ്. 1968ൽ ജനിച്ച മഹാസ്കെ നിലവിൽ ഛത്തീസ്ഗഢ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ചെയർമാനാണ്. സംസ്ഥാന മന്ത്രിയുടെ പദവിക്ക് തുല്യമായ പദവിയുള്ള അദ്ദേഹം ബിജെപിയുടെ ഛത്തീസ്ഗഢ് ഘടകത്തിന്‍റെ സ്ഥിരം ക്ഷണിതാവുമാണ്.
പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്നും ഒരു പാർട്ടി പ്രവർത്തകനെ ഈ ചുമതല ഏൽപ്പിച്ചതിൽ അഭിമാനമുണ്ടെന്നും മഹാസ്കെ പറഞ്ഞു. സംസ്ഥാന സംഘടനയ്ക്കും ദേശീയ സംഘടനയ്ക്കും മുഖ്യമന്ത്രിക്കും ദേശീയ അധ്യക്ഷൻ നിതിൻ നബിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. പൂർണ സമർപ്പണത്തോടെ ഈ ഉത്തരവാദിത്തം നിറവേറ്റാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.