പുതിയ ഐടി നിയമം ഏപ്രിൽ 1 മുതൽ

പ്രൊമോട്ടർമാർ ബൈബാക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാൻ, എല്ലാത്തരം ഓഹരിയുടമകൾക്കും ബൈബാക്ക് വഴിയുള്ള ലാഭത്തിന് ഇനി മുതൽ മൂലധന ലാഭ നികുതി ചുമത്തും
New IT law from April 1

പുതിയ ഐടി നിയമം ഏപ്രിൽ 1 മുതൽ

Updated on

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 വർഷത്തെ കേന്ദ്ര ബജറ്റിൽ, ഘടനാപരമായ പരിഷ്കാരങ്ങളുടെ വേഗത നിലനിർത്തുക എന്ന "കർത്തവ്യത്തിന്' ഊന്നൽ. നികുതി വ്യവസ്ഥ ലളിതമാക്കാനും പൗരന്മാർ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിരവധി പ്രത്യക്ഷ നികുതി പരിഷ്കാരങ്ങൾ ധനമന്ത്രി നിർദേശിച്ചു.

ആദായ നികുതി നിയമം- 2025 ഈ വർഷം ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും. ലളിതമാക്കിയ ആദായ നികുതി നിയമങ്ങളും ഫോമുകളും നിശ്ചിത സമയത്തിനുള്ളിൽ വിജ്ഞാപനം ചെയ്യും. അതുവഴി നികുതിദായകർക്ക് പുതിയ ആവശ്യകതകൾ മനസിലാക്കാൻ ആവശ്യമായ സമയം ലഭിക്കും. സാധാരണ പൗരന്മാർക്ക് എളുപ്പത്തിൽ മനസിലാക്കാനും നിയമങ്ങൾ പാലിക്കാനും കഴിയുന്ന രീതിയിൽ നികുതി ഫോമുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

നികുതി ഭരണം

ഇൻകം കംപ്യൂട്ടേഷൻ ആൻഡ് ഡിസ്ക്ലോഷർ സ്റ്റാൻഡേർഡ്‌സിന്‍റെ (ഐസിഡിഎസ്) ആവശ്യകതകൾ കൂടി ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേർഡ്‌സിൽ ഉൾപ്പെടുത്താൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെയും സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസിന്‍റെയും സംയുക്ത സമിതി രൂപീകരിക്കും. ഇതിലൂടെ 2027-28 നികുതി വർഷം മുതൽ ഐസിഡിഎസ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക അക്കൗണ്ടിങ് രീതി ഒഴിവാക്കപ്പെടും.

സ്വദേശി അക്കൗണ്ടിങ്- ഉപദേശക സ്ഥാപനങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ സേഫ് ഹാർബർ നിയമങ്ങളുടെ ആവശ്യങ്ങൾക്കായി അക്കൗണ്ടന്‍റ് എന്ന പദത്തിന്‍റെ നിർവചനം യുക്തിസഹമായി പരിഷ്കരിക്കാൻ ബജറ്റ് നിർദേശിക്കുന്നു.

മറ്റ് നികുതി നിർദേശങ്ങൾ

പ്രൊമോട്ടർമാർ ബൈബാക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയാൻ, എല്ലാത്തരം ഓഹരിയുടമകൾക്കും ബൈബാക്ക് വഴിയുള്ള ലാഭത്തിന് ഇനി മുതൽ മൂലധന ലാഭ നികുതി ചുമത്തും. എന്നിരുന്നാലും, നികുതി ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് നിരുത്സാഹപ്പെടുത്താൻ പ്രൊമോട്ടർമാർ അധിക ബൈബാക്ക് നികുതി കൂടി നൽകേണ്ടി വരും. ഇതോടെ കോർപ്പറേറ്റ് പ്രൊമോട്ടർമാർക്ക് ഫലത്തിൽ 22 ശതമാനവും, കോർപ്പറേറ്റ് ഇതര പ്രൊമോട്ടർമാർക്ക് 30 ശതമാനവും നികുതി നൽകേണ്ടി വരും.

* മദ്യം, സ്ക്രാപ്പുകൾ, ധാതുക്കൾ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പനക്കാർക്കുള്ള ടിസിഎസ് നിരക്ക് 2 ശതമാനമായി പരിഷ്കരിച്ചു. ബീഡി ഇലകളുടെ ടിസിഎസ് നിരക്ക് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ പണമിടപാടുകൾക്കുള്ള ടിസിഎസ് നിരക്ക് താഴെ പറയുന്ന രീതിയിലായിരിക്കും:

(എ) വിദ്യാഭ്യാസം അല്ലെങ്കിൽ ചികിത്സാ ആവശ്യങ്ങൾക്ക് 2 ശതമാനം

(ബി) ഇവ ഒഴികെയുള്ള മറ്റെല്ലാ കാര്യങ്ങൾക്കും 20 ശതമാനം.

ഫ്യൂച്ചേഴ്സ് ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്സ് (എസ്ടിടി) നിലവിലെ 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി ഉയർത്തി. ഓപ്ഷനുകളുടെ പ്രീമിയത്തിന്മേലുള്ള എസ്ടിടി നിലവിലെ 0.1 ശതമാനത്തിൽ നിന്നും, ഓപ്ഷനുകൾ എക്സർസൈസ് ചെയ്യുന്നതിന്‍റേത് 0.125 ശതമാനത്തിൽ നിന്നും 0.15 ശതമാനമായി ഏകീകരിച്ച് വർധിപ്പിക്കും.

കമ്പനികൾക്ക് ലളിതമാക്കിയ നികുതി വ്യവസ്ഥയും കുറഞ്ഞ നികുതി നിരക്കും തുടരുന്നതിന്‍റെ ഭാഗമായി മുൻവർഷങ്ങളിൽ നിന്ന് കൈമാറി വന്ന മാറ്റ് ക്രെഡിറ്റ് പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്ന കമ്പനികൾക്ക് മാത്രമേ ഇനി സെറ്റ്- ഓഫ് ചെയ്യാൻ അനുവാദം നൽകൂ. കമ്പനികളെ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കാനാണിത്. ലഭ്യമായ മാറ്റ് ക്രഡിറ്റ് ഉപയോഗിച്ചുള്ള ഈ ക്രമീകരണം പുതിയ വ്യവസ്ഥയിലെ ആകെ നികുതി ബാധ്യതയുടെ നാലിലൊന്ന് വരെ മാത്രമേ അനുവദിക്കൂ.

2026 ഏപ്രിൽ ഒന്ന് മുതൽ മാറ്റ് ക്രഡിറ്റ് ഇനിയും കുന്നുകൂടുന്നത് അവസാനിപ്പിച്ച്, മാറ്റിനെ ഒരു അന്തിമ നികുതിയായി മാറ്റാൻ ബജറ്റ് നിർദേശിക്കുന്നു. ഈ മാറ്റത്തിന് അനുസൃതമായി, അന്തിമ നികുതി നിരക്ക് നിലവിലെ 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറയ്ക്കും. നികുതിദായകർക്ക് 2026 മാർച്ച് 31 വരെ സമ്പാദിച്ച മാറ്റ് ക്രെഡിറ്റ് മുകളിൽ സൂചിപ്പിച്ച നിബന്ധനകളോടെ തുടർന്നും സെറ്റ്-ഓഫ് ചെയ്യാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com