

പുതിയ ലേബർ കോഡ്
ന്യൂഡൽഹി: രാജ്യത്തെ പുതിയ ലേബർ കോഡ് വിജ്ഞാപനം ഇറങ്ങിയതോടെ തൊഴിൽ മേഖലയിൽ പലവിധത്തിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
പുതിയ ലേബർ കോഡ്, കമ്പനികൾക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വികസിപ്പിക്കുന്നതിനും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണെന്നാണ് വിലയിരുത്തൽ.
എന്നാല്‍, കരാര്‍, ഗിഗ് തൊഴിലാളികള്‍ അടക്കമുളളവർക്ക് ആനുകൂല്യം ഉറപ്പാക്കുകയും സാമൂഹ്യ സുരക്ഷയും മിനിമം വേതനം ഉറപ്പാക്കുകയും ചെയ്യുന്ന തൊഴിലാളി സൗഹൃദ നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാർ അവകാശപ്പെട്ടിരിക്കുന്നത്. പുതിയ ലേബർ കോഡ് പ്രകാരം തൊഴിലാളിക്ക് കൈയിൽ കിട്ടുന്ന ശമ്പള തുകയിൽ കുറവ് സംഭവിക്കും. മൊത്ത ശമ്പളത്തിന്‍റെ 50 ശതമാനം വേണമെന്ന വ്യവസ്ഥപ്രകാരം പ്രൊവിഡന്‍റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണ് ഈ സാഹചര്യം ഉണ്ടാവുക. ഗ്രാറ്റുവിറ്റിയിലും ഉയർച്ച ഉണ്ടാകും.
വിരമിക്കൽ സമ്പാദ്യം ഉയരുമെങ്കിലും പിഎഫിലേക്കും ഗ്രാറ്റിവിറ്റിയിലേക്കും സിടിസിയിൽ നിന്ന് കൂടുതൽ തുക മാറ്റിവെയ്ക്കേണ്ടിവരും. പല കമ്പനികളും കുറഞ്ഞ ശമ്പളം നൽകി അലവൻസ് കൂട്ടുന്ന സാഹചര്യമുണ്ട്.അടിസ്ഥാന ശമ്പളത്തിന്‍റെ നിശ്ചിത വിഹിതമാണ് പിഎഫും, ഗ്രാറ്റിവിറ്റിയും. ബാധ്യത കുറയ്ക്കാനാണ് കമ്പനികൾ ഇപ്രകാരം ചെയ്യുന്നത്. ഇത് അവസാനിപ്പിച്ച് ജീവനക്കാർക്ക് അർഹമായ സാമൂഹിക-സുരക്ഷ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയാണ് പുതിയ ലേബർ കോഡിന്‍റെ ലക്ഷ്യം. നിലവിൽ പിഎഫ് വിഹിതം ശമ്പളത്തിന്‍റെ 12 ശതമാനമാണ്. അടിസ്ഥാന ശമ്പളം ഉയരുമ്പോൾ തൊഴിലാളിയുടെയും, കമ്പനിയുടെയും പിഎഫ് വിഹിതം കൂടും. ഇത് ജീവനക്കാരന് വിരമിക്കൽ സമ്പാദ്യത്തിൽ ഗുണം ചെയ്യും.
ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത വർഷങ്ങളുടെ എണ്ണവും, അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളവും കണക്കാക്കിയാണ് ഗ്രാറ്റുവിറ്റി നിശ്ചയിക്കുന്നത്. ഉയർന്ന അടിസ്ഥാന ശമ്പളം ലഭിക്കുന്നവർക്ക് ഗ്രാറ്റിവിറ്റി തുക വർദ്ധിക്കും. സിടിസിയിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ പിഎഫ്, ഗ്രാറ്റിവിറ്റിയ്ക്കായി കൂടുതൽ തുക മാറ്റിവെയ്ക്കുമ്പോൾ ജീവനക്കാരന് കൈയിൽ ലഭിക്കുന്ന തുകയിൽ കുറവ് ഉണ്ടാകും.
അധിക ബാധ്യത ഒഴിവാക്കാൻ നിലവിലുളള സിടിസി പാക്കേജുകളിൽ തൊഴിലുടമകൾ അലൻസ് കുറച്ചേക്കും. ഇതും ജീവനക്കാരന്‍റെ കൈയിൽ ലഭിക്കുന്ന തുകയിൽ കുറവുണ്ടാക്കും.