

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ
ഐസ്വാൾ: മണിപ്പൂരിൽ നിന്നുള്ള രണ്ട് കുക്കി വിദ്യാർഥി നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മിസോറാമിലെ ഐസ്വാളിൽ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഐസ്വാളിലെ ഖാത്ല മേഖലയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ) മേധാവി താങ്ഖോമാങ് ഹാവോകിപ്പിനെയും ഡ്രൈവറെയും ഐസ്വാളിന്‍റെ വടക്കുകിഴക്കൻ പ്രാന്തപ്രദേശത്ത് നിന്ന് അസം റൈഫിൾസിന്‍റെ സഹായത്തോടെ എൻഐഎ പിടികൂടിയതിന് മണിക്കൂറുകൾക്കുശേഷമാണ് രണ്ട് വിദ്യാർഥി നേതാക്കളെയും അറസ്റ്റ് ചെയ്തത്. വിദ്യാർഥി നേതാക്കളും ഹാവോകിപ്പും ഡ്രൈവറും നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണെന്ന് അധികൃതർ പറഞ്ഞു.
മണിപ്പൂരിലെ നിരവധി കേസുകളിൽ പ്രതിയാണ് ഹാവോകിപ്പ്. എന്നാൽ രണ്ട് വിദ്യാർഥി നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ എന്താണെന്ന് വ്യക്തമല്ല. അറസ്റ്റിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.