

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരന്‍റെ സ്വത്ത് കണ്ടുകെട്ടി എൻഐഎ. ഇന്ത്യ നിരോധിച്ച ഇന്‍റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ തലവൻ ലക്‌ബീർ സിങ് എന്ന ‘ലൻഡ’യുടെ പഞ്ചാബിലെ കൃഷി ഭൂമിയാണ് കണ്ടു കെട്ടിയത്.
ഖലിസ്ഥാൻ കൊടുംഭീകരനായിരുന്ന ഭിന്ദ്രൻവാലയുടെ അനന്തരവനാണ് ലക്‌ബീർ. കേന്ദ്ര സർക്കാർ തലയ്ക്ക് 10 ലക്ഷം വിലയിട്ടിരിക്കുന്ന ലക്‌ബീർ സിങ് നിലവിൽ ക്യാനഡയിലെ ആൽബർട്ടയിലാണ് ഉള്ളത്. പഞ്ചാബിലെ മോഗയിലുള്ള ലക്‌ബീറിന്‍റെ വസതിയിൽ എൻഐഎയുടെയും പഞ്ചാബ് പൊലീസിന്‍റേയും സംയുക്ത പരിശോധനകൾക്കുശേഷമായിരുന്നു നടപടി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം പ്രത്യേക കോടതിയിൽ നിന്ന് ഉത്തരവു നേടിയായിരുന്നു കണ്ടുകെട്ടൽ. 1.4 ഏക്കർ ഭൂമിയാണ് പിടിച്ചെടുത്തത്.
2021ൽ പഞ്ചാബ് നാഷനൽ ബാങ്കിലെ പൊട്ടിത്തെറി, ആർഡിഎക്സ് ഉൾപ്പെടെയുള്ള ആയുധക്കടത്ത്, ന്യൂഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം, പഞ്ചാബിൽ വർഗീയവിദ്വേഷം പടർത്തിയത് തുടങ്ങി നിരവധികേസുകളിൽ ഇയാൾക്കെതിരേ ഇന്ത്യയിലുണ്ട്. 2021 മുതൽ 2023 വരെയായി ഇയാളുടെ ഇടപെടലുള്ള ആറു കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്.