സ്ഫോടനകേസ് പ്രതികളുടെ അറസ്റ്റ്: എൻഐഎക്കെതിരേ ലൈംഗികാതിക്രമത്തിനു കേസ്

അറസ്റ്റിലായ മനോബ്രത ജേനയുടെ ഭാര്യ മോനി ജേനയുടെ പരാതിയിലാണ് എൻഐഎയ്ക്കെതിരേ കേസെടുത്തത്.
nia officials booked for molestation by west bengal police
nia officials booked for molestation by west bengal police

ന്യൂഡൽഹി: സ്ഫോടനക്കേസ് പ്രതികളെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർക്കെതിരേ ലൈംഗികാതിക്രമത്തിനു കേസെടുത്ത് പശ്ചിമ ബംഗാൾ പൊലീസ്. രാഷ്‌ട്രീയ വിവാദമായ ഭൂപതി നഗർ സ്ഫോടനക്കേസിലാണു കേന്ദ്ര ഏജൻസിക്കെതിരേ സംസ്ഥാന പൊലീസിന്‍റെ നീക്കം. മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളായ പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ എൻഐഎ സംഘത്തെ പ്രദേശവാസികളുടെ സംഘം ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണു നിയമ നടപടി.

ജനുവരിയിൽ റേഷൻ അഴിമതിക്കേസിലെ പ്രതി ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ സന്ദേശ് ഖാലിയിലെത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സംഘത്തിനെതിരേയും പശ്ചിമ ബംഗാൾ പൊലീസ് കേസെടുത്തിരുന്നു. അന്നും ഇഡി സംഘത്തെ നാട്ടുകാർ ആക്രമിച്ചതിനു പിന്നാലെയാണ് വോറന്‍റില്ലാതെ വീട്ടിൽ കയറിയെന്ന് ആരോപിച്ച് കേസെടുത്തത്.

അറസ്റ്റിലായ മനോബ്രത ജേനയുടെ ഭാര്യ മോനി ജേനയുടെ പരാതിയിലാണ് എൻഐഎയ്ക്കെതിരേ കേസെടുത്തത്. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി, സ്ത്രീത്വത്തെ അപമാനിച്ചു, വീട്ടുപകരണങ്ങൾ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്.

ആരോപണങ്ങൾ വസ്തുതാ വിരുദ്ധമെന്ന് എൻഐഎ വ്യക്താക്കി. ഒരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് എൻഐഎ വക്താവ്. അഴിമതിക്കാരെ സംരക്ഷിക്കാനാണു തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കൂടുതൽ വ്യക്തമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ, ബിജെപിയും അന്വേഷണ ഏജൻസിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നു തൃണമൂൽ നേതാവ് അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.

2022ൽ പൂർവ മേദിനിപുരിലെ ഭൂപതിനഗറിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസാണ് എൻഐഎയും സംസ്ഥാന പൊലീസും തമ്മിൽ ഏറ്റുമുട്ടലിനു കളമൊരുക്കുന്നത്. വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണു തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. പശ്ചിമ ബംഗാൾ പൊലീസ് അന്വേഷിച്ച കേസ് ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം മനോബ്രത ജേന, ബാലചരൺ മെയ്തി എന്നിവരെ അറസ്റ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.