
നെഹാൽ മോദി | നീരവ് മോദി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നിന്ന് 13,000 കോടിയിലേറെ രൂപ തട്ടിച്ചശേഷം രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ ഇളയ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏറെ നാൾ നീണ്ടുനിന്ന നയതന്ത്ര, നിയമ നടപടികൾക്കൊടുവിലാണ് നെഹാൽ വലയിലാകുന്നത്. കുറ്റവാളികളെ കൈമാറൽ കരാർ പ്രകാരം നെഹാലിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേസിലെ അടുത്ത വിചാരണ 17ന് നടക്കും. നെഹാലിന് അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കാനാവും. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് യുഎസ് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. നെഹാലിനെ ഇതോടെ ഇന്ത്യക്ക് വിട്ടുകിട്ടുമെന്ന് ഉറപ്പായി.
ബെൽജിയം പൗരത്വമുള്ള നെഹാൽ മോദിയെ ജൂലൈ നാലിനാണ് യുഎസ് അധികൃതർ അറസ്റ്റ് ചെയ്തത്. നെഹാലിനെ പിടികൂടാൻ സിബിഐക്കും ഇഡിക്കും വേണ്ടി ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. പിഎൻബി അഴിമതിക്കേസിലെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഇല്ലാതാക്കാനും നീരവിനെ സഹായിച്ചു, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് നെഹാലിനുമേൽ ആരോപിക്കപ്പെടുന്നത്. അഴിമതിയിലൂടെ സ്വന്തമാക്കിയ ആയിരക്കണക്കിന് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും വ്യാജ കമ്പനികളെയും വിദേശ ഇടപാടുകളെയും നെഹാൽ ഇതിനായി ഉപയോഗിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
മാൻഹാട്ടനിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് മില്യൺ ഡോളറോളം വിലവരുന്ന രത്നങ്ങൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയതിനും അമെരിക്കയിൽ നെഹാലിനെതിരേ കേസുണ്ട്. 2018ലാണ് കോളിളക്കം സൃഷ്ടിച്ച പിഎൻബി തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് മുഖ്യപ്രതി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും രാജ്യംവിട്ടിരുന്നു.