

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിക്കു പുറത്ത് സ്ഥാപിച്ച, ടൈഗർ അഭി സിന്ദാ ഹേ പോസ്റ്റർ.
'ടൈഗർ അഭി സിന്ദാ ഹേ' (കടുവ ഇപ്പോഴും ജീവനോടെയുണ്ട്)- സൽമാൻ ഖാൻ നായകനായി 2017ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിന്‍റെ ടൈറ്റിലാണ് ഇപ്പോൾ ബിഹാറിൽ ട്രെൻഡിങ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ട്രെൻഡുകൾ പുറത്തുവന്നപ്പോൾ തന്നെ ഭരണപക്ഷമായ എൻഡിഎ സഖ്യം വ്യക്തമായ മുന്നേറ്റം നേടിക്കഴിഞ്ഞിരുന്നു. ഈ ആത്മവിശ്വാസം പ്രകടമാക്കിക്കൊണ്ട്, 'ടൈഗർ അഭി സിന്ദാ ഹേ' എന്ന ബോൾഡ് തലക്കെട്ടോടുകൂടിയ ഒരു വലിയ പോസ്റ്റർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വസതിക്ക് പുറത്ത് പ്രത്യക്ഷപ്പെട്ടു.
സിനിമയെ അനുസ്മരിപ്പിക്കുന്ന ഫ്രെയിമും അധികാരത്തെ പ്രോജക്റ്റ് ചെയ്യുന്ന രൂപകൽപ്പനയുമുള്ള ഈ പോസ്റ്റർ ക്യാമറകളുടെയും പ്രവർത്തകരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. വോട്ടെണ്ണൽ ട്രെൻഡുകൾ അനുസരിച്ച്, ഭരണപക്ഷമായ എൻഡിഎ സഖ്യം 190 സീറ്റിനടുത്ത് നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആകെ 243 സീറ്റുള്ള ബിഹാർ നിയമസഭയിൽ ഭൂരിപക്ഷത്തിന് 122 സീറ്റ് മതി.
ഏറ്റവും പുതിയ വിവരമനുസരിച്ച് എഴുപതിലധികം സീറ്റുമായി നിതീഷ് കുമാറിന്‍റെ ജെഡിയു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുന്നു. എൻഡിഎ സഖ്യത്തിലെ തന്നെ ബിജെപി തൊട്ടു പിന്നിലുണ്ട്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഏതു പാർട്ടിക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം എന്നൊരു ചർച്ചയും വോട്ടെണ്ണലിനു മുൻപ് സജീവമായിരുന്നു. ജെഡിയുവിന്‍റെ മുന്നേറ്റം ഈ ചർച്ചകളും ഒരുവിധം അവസാനിപ്പിച്ചു കഴിഞ്ഞു.
ഒമ്പത് ടേമുകളിലായി 19 വർഷം നിതീഷ് കുമാർ ബിഹാറിന്‍റെ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നുകഴിഞ്ഞു. എഴുപത്തിനാലാം വയസിൽ അദ്ദേഹത്തിനു പത്താമൂഴം ഉറപ്പിക്കുന്ന പ്രകടനമാണ് ജെഡിയു ഈ തെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കുന്നത്.
വിജയം ഉറപ്പിച്ചു കൊണ്ടെന്നോണം ജെഡി(യു) പ്രവർത്തകർ ടൈഗർ പോസ്റ്ററിന് ചുറ്റും തടിച്ചുകൂടുന്നുണ്ട്. ഒരു പ്രവർത്തകൻ ഒരു ന്യൂസ് ചാനലിനോട് ഇങ്ങനെ പറഞ്ഞു: ''ട്രെൻഡുകൾ മാത്രമാണ് പുറത്തുവന്നതെങ്കിലും, സന്ദേശം വ്യക്തമാണ്. നിതീഷ് ജി ആണ് ബിഹാർ രാഷ്ട്രീയത്തിലെ യഥാർഥ കടുവ.''
നിരന്തരം കോൺഗ്രസിന്‍റെയും ബിജെപിയുടെയും പാളയത്തിലേക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നതാണ് നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ ചരിത്രം. സമീപകാലത്ത് അദ്ദേഹത്തിന്‍റെ നിലനിൽപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോഴെല്ലാം ജെഡിയു പ്രവർത്തകർ എടുത്തു കാണിക്കാറുള്ള രാഷ്ട്രീയ രൂപകമാണ് കടുവ.