

ലാലു കുടുംബത്തിൽ തമ്മിലടി: മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു, പുറത്താക്കിയ മകനെ കൂടെക്കൂട്ടാൻ എൻഡിഎ നീക്കം
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിനു പിന്നാലെ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിൽ തമ്മിലടി രൂക്ഷമാവുകയാണ്. മകൾ രോഹിണി ആചാര്യയ്ക്കു പിന്നാലെ മൂന്നു പെൺമക്കൾ കൂടി വീടുവിട്ടിറങ്ങി. അതിനിടെ ലാലു കുടുംബത്തിലെ വഴക്ക് മുതലാക്കാനുള്ള നീക്കത്തിലാണ് എൻഡിഎ. ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തിന്റെ മകൻ തേജ് പ്രതാപിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമം എൻഡിഎ ആരംഭിച്ചു.
എൻഡിഎ നേതാക്കൾ ഇന്നലെ രാത്രി തേജ് പ്രതാപ് യാദവിനെ കണ്ടുവെന്നാണ് ബിഹാറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനശക്തി ജനതാദൾ എന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച തേജ് പ്രതാപിന്റെ പാർട്ടി എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. എന്നാൽ ആർജെഡി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപ് യാദവിനായെന്നാണ് എൻഡിഎ വിലയിരുത്തൽ.
ആർജെഡി വൻ പരാജയം ഏറ്റുവാങ്ങിയതോടെ തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി രോഹിണി ആചാര്യ രംഗത്തെത്തുകയായിരുന്നു. 2022ൽ രോഹിണി, ലാലുവിന് വൃക്ക ദാനംചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിനു താൻ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചതായി രോഹിണി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
തേജസ്വി യാദവിന്റെ ഏറ്റവും അടുത്ത സഹായികളായ ആർജെഡിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവ്, റമീസ് എന്നിവരുമായുള്ള വാക്കുതർക്കത്തിനിടെ തനിക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും ഒരാൾ ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും രോഹിണി എക്സിൽ കുറിച്ചിരുന്നു. പിന്നാലെ മൂന്നു പെൺമക്കൾ കൂടി ഇന്നലെ വീടു വിട്ടിരുന്നു. രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവർ കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതായാണ് റിപ്പോർട്ട്.